കിളികൊല്ലൂർ സ്റ്റേഷനിൽ സഹോദരങ്ങളെ സിഐയും എസ്ഐയും മർദ്ദിച്ചിരുന്നു; പൊലീസ് ഉദ്യോഗസ്ഥയുടെ സാക്ഷിമൊഴി


കൊല്ലം: കിളികൊല്ലൂർ പോലീസ് സ്റ്റേഷൻ മർദനത്തിൽ സി.ഐ.യും എസ്.ഐ.യും വിഷ്ണുവിനെയും വിഘ്നേഷിനെയും മർദിച്ചിരുന്നു എന്ന് തെളിയിക്കുന്ന പൊലീസ് ഉദ്യോഗസ്ഥയുടെ സാക്ഷി മൊഴി പുറത്ത്. സ്റ്റേഷനിലെ വനിതാ എസ്.ഐയുടെ മൊഴിയാണ് പുറത്തുവന്നത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥ കൂടിയായിരുന്ന എസ്.ഐ സ്വാതി മജിസ്ട്രേറ്റിന് നൽകിയ മൊഴിയിലാണ് ഈ നിർണായ വിവരമുള്ളത്. സ്റ്റേഷനിലെ ബഹളം കേട്ടെത്തിയ സി.ഐ. വിനോദും എസ്.ഐ.അനീഷും ബലം പ്രയോഗിച്ച്  വിഷ്ണുവിനെയും വിഗ്നേഷിനേയും ചൂരൽ ഉപയോഗിച്ച് തല്ലിയെന്നാണ് സ്വാതിയുടെ മൊഴിയിൽ പറയുന്നത്. റെറ്ററായിരുന്ന എഎസ്ഐ പ്രകാശ് ചന്ദ്രൻ മദ്യപിച്ചിട്ടാണ് ജോലി ചെയ്യുന്നതെന്ന പരാതി പറയാനാണ് സഹോദരങ്ങൾ സ്റ്റേഷനിലെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. എസ്.ഐയും സി.ഐയും സഹോദരങ്ങളെ മർദിച്ചിട്ടില്ലെന്നായിരുന്ന പോലീസിന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് എസ്.ഐ. സ്വതിയുടെ മൊഴി. എംഡിഎംഎ കേസിലെ പ്രതികളെ കാണാൻ അനുവദിക്കാത്തതിനാൽ പ്രതികൾ സ്റ്റേഷനിൽ കയറി അക്രമം നടത്തുകയായിരുന്നുവെന്ന പോലീസ് വാദവും ഇതോടെ പൊളിഞ്ഞു. സഹോദരങ്ങളെ കോടതിയിൽ ഹാജരാക്കുന്ന സമയത്ത് അന്വേഷണ ഉദ്യോഗസ്ഥ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. അക്രമണം നടത്തിയത് സൈനികനാണെന്ന് വരുത്തി തീർക്കാൻ കഴിഞ്ഞ ദിവസം സ്റ്റേഷനിലെ സിസിടിവി ദൃശ്യവും പോലീസ് പുറത്തുവിട്ടിരുന്നു. എന്നാൽ ഈ ദൃശ്യവും പോലീസിന് തന്നെ തിരിച്ചടിയായി. സൈനികനെ ആദ്യം മർദിക്കുന്നത് പോലീസുകാരനാണെന്നും തുടർന്ന് പിടിവലിയുണ്ടാവുകയായിരുന്നുവെന്നും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

Previous Post Next Post