അര്‍ജന്റീന- യുഎഇ സൗഹൃദ മത്സരത്തിന്റെ ടിക്കറ്റ് വിറ്റഴിഞ്ഞത് ചൂടപ്പം പോലെ; പരിശീലനം കാണാനും അവസരം


ദുബായ്: ലോകകപ്പിന് മുന്നോടിയായി ലയണല്‍ മെസ്സി നയിക്കുന്ന അര്‍ജന്റീനയും യുഎഇയും തമ്മില്‍ അടുത്ത മാസം നടക്കുന്ന സൗഹൃദ മത്സരത്തിന്റെ മുഴുവന്‍ ടിക്കറ്റുകളും ചൂടപ്പം പോലെ വിറ്റുതീര്‍ന്നു. വില്‍പ്പന ആരംഭിച്ച 24 മണിക്കൂറിനകം തന്നെ ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്നതായി സംഘാടകര്‍ അറിയിച്ചു. 27 മുതല്‍ 5000 ദിര്‍ഹം വരെയായിരുന്നു ടിക്കറ്റ് നിരക്ക്. നവംബര്‍ 16ന് അബൂദാബി മുഹമ്മദ്ബിന്‍ സായിദ് സ്റ്റേഡിയത്തിലാണ് മത്സരം. ലോകകപ്പിന് മുമ്പുള്ള അര്‍ജന്റീനയുടെ അവസാന പരിശീലന മത്സരം എന്ന നിലയില്‍ അവരുടെ ഫുള്‍ ടീം കളത്തിലിറങ്ങുമെന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ട് തന്നെ ലോകകപ്പ് ഫേവറിറ്റുകളിലൊന്നായ അര്‍ജന്റീന ടീമിനെ മുഴുവനായും കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍. സ്വദേശികള്‍ക്ക് പുറമെ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികളും മത്സരം കാണാന്‍ ടിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. പലരും ടിക്കറ്റ് കിട്ടാത്തതിന്റെ നിരാശയിലാണ്. അതേസമയം, ടിക്കറ്റ് ലഭിക്കാത്തവര്‍ നിരാശരാവേണ്ടെന്നും ലയണല്‍ മെസ്സിയും സംഘവും പരിശീലനത്തില്‍ ഏര്‍പ്പെടുന്നത് കാണാനുള്ള അവസരം ഉണ്ടെന്നും അധികൃതര്‍ അറിയിച്ചു. ലോകകപ്പില്‍ ചാമ്പ്യന്‍മാരാകുമെന്ന് പ്രതീക്ഷിക്കുന്ന ടീം കൂടിയാണ് അര്‍ജന്റീന. തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് അര്‍ജന്റീന കാപ്റ്റന്‍ മെസ്സി ഇതിനകം വ്യക്തമാക്കിയ സാഹചര്യത്തില്‍ എല്ലാവരും ഉറ്റുനോക്കുന്നത് ഈ ലാറ്റിന്‍ അമേരിക്കന്‍ ടീമിന്റെ മല്‍സരങ്ങളെയാണ്. മെസ്സിയെയും സംഘത്തെയും സ്വീകരിക്കാന്‍ വന്‍ ഒരുക്കങ്ങളാണ് അബൂദാബിയില്‍ നടക്കുന്നത്. മൂന്ന് ദിവസത്തോളം ടീം അബൂദബിയിലുണ്ടാവും. തുടര്‍ന്ന് ഖത്തറിലേക്ക് പറക്കും. അതിനിടെ, ലയണല്‍ മെസ്സിയുടെയും ടീമിന്റെയും പരിശീലനം അബൂദബിയില്‍ വച്ചാണ് നടക്കുക. അല്‍നഹ്‌യാന്‍ സ്റ്റേഡിയത്തില്‍ നവംബര്‍ 13ന് വൈകുന്നേരം ആറ് മുതല്‍ നടക്കുന്ന പരിശീലനം കാണാന്‍ അര്‍ജന്റീനിയന്‍ അരാധകര്‍ക്ക് അവസരമുണ്ട്. പരിശീലനം കാണുന്നതിന് 25 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക്. നവംബര്‍ 16ന് യുഎഇക്കെതിരെ അബൂദബിയില്‍ നടക്കുന്ന സൗഹൃദ മത്സരത്തിന് മുന്നോടിയായാണ് പരിശീലനം. ആറു മണിക്കു ശേഷമായിരിക്കും പരിശീലനം. മെസ്സിക്കൊപ്പം മുന്‍നിര താരങ്ങളായ ഏഞ്ചല്‍ ഡി മരിയ, മാര്‍ട്ടിനസ്, ജൂലിയന്‍ അല്‍വാരസ് തുടങ്ങിയവരും പരിശീലനത്തിനിറങ്ങും. ലയണല്‍ സ്‌കലോനിയുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന മുറകള്‍ നേരില്‍ കാണാനുള്ള അവസരം കൂടിയായിരിക്കും ഇത്.

Previous Post Next Post