ബൈക്കിലെത്തിയ സംഘം പടക്കത്തിന് തീ കൊളുത്തി; എടപ്പാളിലുണ്ടായ പൊട്ടിത്തെറിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്


മലപ്പുറം: എടപ്പാളിലുണ്ടായ പൊട്ടിത്തെറിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബൈക്കിലെത്തിയ ഒരു സംഘം പടക്കത്തിന് തീ കൊടുത്ത് പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് എടപ്പാള്‍ റൗണ്ട് എബൗട്ടിന് സമീപം ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്. ഇതോടെ ശബ്ദം കേട്ട് അങ്ങാടിയില്‍ ഉണ്ടായിരുന്നവര്‍ വലിയ രീതിയില്‍ ആശങ്കയിലായിരുന്നു. തുടര്‍ന്ന്, വിവരം അറിഞ്ഞു സംഭവസ്ഥലത്ത് ചങ്ങരംകുളം പോലീസ് പരിശോധന നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിരുന്നു. എന്നാല്‍, ഈ പരിശോധനയില്‍ പോലീസിന് കാര്യമായ ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ്

രണ്ട് യുവാക്കള്‍ ടൗണില്‍ പടക്കം വെച്ച് കടന്നുകളയുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്.ഇന്ന് വ്യപാര സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളും ബോംബ് സ്‌ക്വാഡിനെ എത്തിച്ച് പോലീസ് പരിശോധന നടത്താനിരിക്കുകയായിരുന്നു. ഇതിനിടയിലാണ് ഒരു നാടിന് വലിയ രീതിയില്‍ ആശങ്കയിലാക്കിയ പൊട്ടിത്തെറിയുടെ
ദൃശ്യങ്ങള്‍ പുറത്തുവന്നത്. പോലീസും നാട്ടുകാരും പൊട്ടിത്തെറിയുടെ ശബ്ദം ഭീകരമായതുകൊണ്ടു തന്നെ വലിയ ഗൗരവത്തോടുകൂടിയാണ് സംഭവത്തെ നോക്കിക്കണ്ടിരുന്നത്. തുടര്‍ന്ന്, സംഭവത്തിന് ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് നാട്ടുകാര്‍ക്ക് ആശ്വാസമായത്. പൊട്ടിത്തെറിയില്‍ റൗണ്ട് എബൗട്ടിന്റെ ഒരു ഭാഗം അടര്‍ന്ന് വീണിരുന്നു. എന്നാല്‍, ഈ പടക്കം വെച്ച് പോയ യുവാക്കള്‍ ആരാണെന്ന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സംഭവത്തില്‍ പോലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Previous Post Next Post