തിരുവനന്തപുരത്ത് സർവീസ് അവസാനിപ്പിച്ച വിമാനം ഇനി ഹൈദരാബാദിൽ റെസ്റ്ററന്‍റാകും


തിരുവനന്തപുരം: നാലു വർഷം മുമ്പ് സർവീസ് അവസാനിപ്പിച്ച വിമാനം ഇനി റെസ്റ്റോറന്‍റാകും. തിരുവനന്തപുരം ചാക്കയിലെ ഹാംഗർ യൂണിറ്റിന് സമീപത്ത് പാർക്ക് ചെയ്തിരുന്ന എയർ ഇന്ത്യയുടെ എയർബസ് എ 320 വിമാനമാണ് റെസ്റ്റോറന്‍റായി രൂപമാറ്റം വരുത്തുക. ഇതിനായി വിമാനം കഷ്ണങ്ങളാക്കി ഹൈദരാബാദിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് നാല് ട്രെയിലറുകളിലായി വിമാനം വിവിധ ഭാഗങ്ങളിലാക്കി റോഡ് മാർഗം കൊണ്ടുപോയത്. മുന്‍ഭാഗം, എന്‍ജിന്‍, ചിറകുകള്‍, വാല്‍ഭാഗം എന്നിങ്ങനെ മുറിച്ചാണ് വിമാനം ഹൈദരാബാദിലേക്ക് കൊണ്ടുപോയത്. എഞ്ചിന്‍ ഏവിയേഷന്‍ പഠിപ്പിക്കുന്ന എന്‍ജിനിയറിംഗ് കോളേജിന് വില്‍ക്കും.  30 വര്‍ഷത്തെ സര്‍വീസിന് ശേഷം 2018 ഒക്ടോബറിലാണ് വിമാനം തിരുവനന്തപുരത്തെത്തിച്ചത്. കാലാവധി കഴിഞ്ഞതിനാല്‍ വ്യോമയാന ചട്ടപ്രകാരം ഉപയോഗിക്കാന്‍ കഴിയില്ല. വിമാനത്തിന്‍റെ അവസാന സർവീസ് ഡല്‍ഹിയില്‍ നിന്ന് 186 യാത്രക്കാരുമായി തിരുവനന്തപുരത്ത് എത്തിയതാണ്. അതിനുശേഷം ചാക്കയിലെ ഹാംഗര്‍ യൂണിറ്റിന് സമീപത്തായി പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു. അവിടത്തെ എന്‍ജിനീയറിംഗ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി ഉപയോഗിച്ചുവരികയായിരുന്നു, തിരുവനന്തപുരം - മുംബയ് - ഡല്‍ഹി റൂട്ടിലും ഗള്‍ഫ് രാജ്യങ്ങളിലും വി.ടി.ഇ.എസ്.ഇ എന്ന രജിസ്‌ട്രേഷന്‍ നമ്പറിൽ എയര്‍ബസ് എ 320 സര്‍വീസ് നടത്തിയിരുന്നു. ഫ്രാന്‍സിൽ നിർമ്മിച്ചതാണ് എയർബസ് എ 320 വിമാനം. വിമാനം ആക്രിവിലയ്‌ക്ക് എ.ഐ എന്‍ജിനീയറിംഗ് ലിമിറ്റഡാണ് ലേലത്തില്‍ വിറ്റത്. 75 ലക്ഷം രൂപയ്‌ക്ക് ഡല്‍ഹി സ്വദേശിയായ ജോഗീന്ദര്‍ സിംഗാണ് വിമാനം ലേലത്തില്‍ പിടിച്ചത്.

Previous Post Next Post