എസ്എൻസി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും








ന്യൂഡൽഹി : എസ്എൻസി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ നൽകിയതുൾപ്പെടെയുള്ള ഹർജികളാണ് പരിഗണിക്കുന്നത്. 32 തവണയാണ് കേസിൽ ഹർജികൾ പരിഗണിക്കാതെ സുപ്രീംകോടതി മാറ്റിയത്.

ചീഫ് ജസ്റ്റിസ് യു യു ലളിത്, ബേല എം ത്രിവേദി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. കഴിഞ്ഞ മാസം ഹർജികൾ പരിഗണിക്കുമെന്നായിരുന്നു ജസ്റ്റിസ് യുയു ലളിത് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ അദ്ദേഹം ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായിരുന്നതിനാൽ കഴിഞ്ഞ മാസവും ഹർജികൾ പരിഗണിക്കാൻ സാധിച്ചിരുന്നില്ല. ഇതേ തുടർന്ന് ഒക്ടോബറിലേക്ക് ഹർജി പരിഗണിക്കുന്നത് കോടതി മാറ്റിവയ്‌ക്കുകയായിരുന്നു.

ലാവ്‌ലിൻ കേസിൽ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയതിനെതിരെ 2017 ലാണ് സിബിഐ പിണറായി വിജയനെതിരെ കോടതിയെ സമീപിച്ചത്. കേസിൽ 2018 ജനുവരി 11 ന് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു.

അതേസമയം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഹർജിയും സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് ഇന്ന് പരിഗണിക്കുന്നത്.


Previous Post Next Post