ഭര്‍ത്താവിനെ കൊല്ലാന്‍ കാമുകനെ വിളിച്ചുവരുത്തി, ജനനേന്ദ്രിയം മുറിച്ചുമാറ്റാന്‍ കത്തി നല്‍കി; യുവതി അറസ്റ്റില്‍


ബെംഗളൂരു:  ഭർത്താവിനെ കൊലപ്പെടുത്താൻ കാമുകനെ നിയോഗിച്ച യുവതി അറസ്റ്റിൽ. ബെംഗളൂരുവിലെ യെലഹങ്ക പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഈ മാസം 21നാണ് യുവതിയുടെ ഭർത്താവ് ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്. അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ദിവസം ഭാര്യ ശ്വേതയെയും കാമുകനായ സുരേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശിലെ ഹിന്ദുപ്പൂർ സ്വദേശികളാണ് ശ്വേതയും ചന്ദ്രശേഖറും. ശ്വേതയുടെ അകന്ന ബന്ധുവായ ചന്ദ്രശേഖറെ താത്പര്യമില്ലാതെയാണ് യുവതി വിവാഹം ചെയ്തത്. ഇരുവരും തമ്മിൽ 18 വയസിന്റെ പ്രായ വ്യത്യാസം ഉണ്ടായിരുന്നതായിരുന്നു കാരണം. വിവാഹ ശേഷവും ശ്വേത ഹിന്ദുപ്പൂരിൽ തുടർന്നു. ചന്ദ്രശേഖർ ബെംഗളൂരുവിൽ ജോലിസ്ഥലത്തേക്ക് പോയ സമയം കോളേജിൽ പഠന കാലത്ത്  അടുപ്പമുണ്ടായിരുന്ന സുരേഷ് എന്ന യുവാവുമായി ശ്വേത ബന്ധം തുടർന്നു. അതിനിടെ യുവതിയെ ബന്ധുവായ ലോകേഷ് എന്നയാൾ പ്രണയിക്കാൻ ശ്രമിച്ചു. അത് ഇഷ്ടപ്പെടാതിരുന്ന ശ്വേത, തന്നെ ലോകേഷ് ഉപദ്രവിക്കുന്നുവെന്ന് കാട്ടി ഭർത്താവിനെക്കൊണ്ട് ഹിന്ദുപ്പൂർ പൊലീസിൽ പരാതി നൽകി. കൂടാതെ ലോകേഷിനെ പരസ്യമായി ചെരിപ്പ് കൊണ്ടടിക്കുകയും ചെയ്തു. ഇതിനിടെ സുരേഷുമായുള്ള ബന്ധം തുടർന്ന ശ്വേത ഭർത്താവ് ജീവിച്ചിരിക്കെ തനിക്ക് സുഖമായി ജീവിക്കാനാവില്ലെന്ന് തോന്നിയതിനെത്തുടർന്ന് ചന്ദ്രശേഖറിനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി കാമുകന്‍ സുരേഷിനെ രഹസ്യമായി ബെംഗളൂരുവിലേക്ക് വിളിച്ചു വരുത്തി.  ഈ മാസം 21ന് ജോലി സ്ഥലത്ത് നിന്ന് തിരിച്ചെത്തിയ ചന്ദ്രശേഖറിനെ ശ്വേത ടെറസിലേക്ക് കൊണ്ടുപോയി. അവിടെ ഒളിച്ചിരുന്ന സുരേഷ് ഇയാളെ കൊലപ്പെടുത്തുകയായിരുന്നു. ചന്ദ്രശേഖറിനെ ആക്രമിക്കാൻ കാമുകൻ സുരേഷിന് ശ്വേത മരക്കഷ്ണം നൽകിയിരുന്നു. ഇതിന് പുറമേ ഭർത്താവിന്റെ ലിംഗം മുറിക്കാൻ കത്തിയും നൽകിയെന്നാണ് റിപ്പോർട്ട്. എന്നാൽ, അതിന് പ്രേരിപ്പിച്ച കാരണം വ്യക്തമല്ല. ഭർത്താവിനെ  കൊലപ്പെടുത്തിയ ശേഷം ചന്ദ്രശേഖർ ജോലി കഴിഞ്ഞ് വീട്ടിലെത്തിയിട്ടില്ലെന്നും കാണാനില്ലെന്നും പറഞ്ഞ് ശ്വേത ബന്ധുക്കളെയും നാട്ടുകാരെയും കബളിപ്പിച്ചു. വീട്ടുകാർ നടത്തിയ തെരച്ചിലിൽ ടെറസിൽ ചോരയിൽ കുളിച്ച് കിടക്കുന്ന ചന്ദ്രശേഖറെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാളെ യെലഹങ്ക സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവമറിഞ്ഞ് അന്വേഷണത്തിനെത്തിയ പൊലീസിനോട് മുൻ വൈരാഗ്യത്തിൽ ലോകേഷ് ചെയ്തതാണെന്ന് ശ്വേത മൊഴി നൽകി. എന്നാൽ, പൊലീസ് നടത്തിയ സമർത്ഥമായ നീക്കത്തിൽ ശ്വേതയുടെ ഫോണിൽ സുരേഷ് നിരന്തരം വിളിക്കുന്നത് കണ്ടെത്തി. തുടർന്ന് ചോദ്യം ചെയ്തപ്പോൾ ശ്വേത കുറ്റം സമ്മതിച്ചു. വീടിന്റെ ലൊക്കേഷൻ സഹിതം കാമുകന് അയച്ച് നൽകിയതായും കണ്ടെത്തി. ആന്ധ്രാപ്രദേശിലെ പെനുഗൊണ്ടയിൽ നിന്നാണ് സുരേഷിനെ പൊലീസ് പിടികൂടിയത്.

 
Previous Post Next Post