പാലക്കാട് ആയുധം കാണിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി; പരാതിയുമായി സുഹൃത്ത്


പാലക്കാട്‌ :  പാലക്കാട്‌ യുവാവിനെ തട്ടിക്കൊണ്ടു പോയി. തിരുവിഴാംകുന്ന് സ്വദേശി നിയാസിനെയാണ് തട്ടിക്കൊണ്ടു പോയത്. രണ്ടു കാറിൽ എത്തിയ സംഘം ചിറക്കൽപടിയിൽ വെച്ച് ആയുധം കാണിച്ചു ഭീഷണിപ്പെടുത്തി ബലമായി കൊണ്ടുപോകുകയായിരുന്നുവെന്ന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് അനീസ് പറഞ്ഞു. അനീസും നിയാസും ബൈക്കിൽ തച്ചമ്പാറയിലേക്ക് പോകുമ്പോഴാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ മണ്ണാർക്കാട് പൊലീസ് അന്വേഷണം തുടങ്ങി.  ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ആരാണ് തട്ടിക്കൊണ്ടുപോയതെന്നോ കാരണമോ ഇതുവരെ വ്യക്തമല്ല. നിയാസിന്റെ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും മൊഴിയും രേഖപ്പെടുത്തും.  കഴിഞ്ഞ ശനിയാഴ്ച്ച താമരശ്ശേരിയിൽ ഒരു വ്യാപാരിയെ തട്ടിക്കൊണ്ടുപോയിരുന്നു. താമരശ്ശേരി തച്ചംപൊയിൽ അവേലം സ്വദേശി അഷ്റഫിനെ ശനിയാഴ്ച രാത്രി 9.45 ന് ആണ് സുമോയിലും കാറിലുമായി എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. മുക്കത്ത് സൂപ്പർ മാർക്കറ്റ് നടത്തുന്നയാളാണ് അഷ്റഫ്. വെഴുപ്പൂർ സ്കൂളിന് സമീപത്തെ വളവിൽ വെച്ചിയിരുന്നു സംഭവം. അഷ്റഫിനെ തട്ടികൊണ്ടുപോകാൻ ഉപയോഗിച്ച കാറുകളും പിന്നീട് കണ്ടെത്തിയിരുന്നു. വ്യാപാരിയെ കയറ്റി കൊണ്ടുപോയ സുമോ മുക്കത്ത് നിന്നും കൂടെ എത്തിയ സ്വിഫ്റ്റ് മലപ്പുറം മഞ്ചേരിയിൽ നിന്നുമാണ് താമരശ്ശേരി പോലീസ് കണ്ടെത്തിയത്. മറ്റൊരു കാറു കൂടി കണ്ടെത്താനുണ്ട്. തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. അഷ്റഫിനെയും പ്രതികളേയും കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി.

Previous Post Next Post