'മാമ്പഴമോഷ്ടാവായ പോലീസുകാരനെ ഉടൻ അറസ്റ്റ് ചെയ്യും;മൃദു സമീപനമില്ല:'കോട്ടയം എസ് പി


 കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ കടയിൽ നിന്നും മാമ്പഴം മോഷ്ടിച്ച കേസിൽ പ്രതിക്കെതിരെ നടപടി വൈകുന്നതിൽ കടുത്ത വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ശക്തമായ നടപടി ഉണ്ടാകുമെന്ന വിശദീകരണവുമായി കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക് രംഗത്ത് വന്നത്. പ്രതി തമിഴ്നാട്ടിലേക്ക് കടന്നുവെന്ന വിവരങ്ങൾ ഉണ്ടല്ലോ എന്ന ചോദ്യത്തിന് എവിടെപ്പോയാലും പിടികൂടും എന്ന് കാർത്തിക് വ്യക്തമാക്കി. പോലീസ് ഉദ്യോഗസ്ഥനായ പ്രതി പി വി ഷിഹാബിനെതിരെ മുൻപ് ബലാത്സംഗം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നും പോലീസ് പറഞ്ഞു. ബലാൽസംഗം കൂടാതെ പിന്നാലെ എത്തിയ ഭീഷണിപ്പെടുത്തിയതിനും അപമാനിച്ചതിനും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുണ്ടക്കയം പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ കേസുകൾ രജിസ്റ്റർ ചെയ്തത് എന്നും കെ കാർത്തിക്ക് കൂട്ടിച്ചേർത്തു. 2019 ലാണ് പി വി ഷിഹാബിനെതിരെ മുണ്ടക്കയം സ്വദേശിയായ വനിതയുടെ പരാതിയിൽ ബലാൽസംഗത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിൽ നിലവിൽ വിചാരണ നടപടികൾ തുടരുകയാണ്. ഈ കേസ് രജിസ്റ്റർ ചെയ്ത ശേഷം  പീഡനത്തിനിരയായ വനിതയുടെ വീട്ടിലെത്തി ഇയാൾ അതിക്രമം നടത്തി എന്നാണ് രണ്ടാമത് രജിസ്റ്റർ ചെയ്ത കേസ്. ഷിഹാബ് നിരന്തരം ക്രിമിനൽ കുറ്റവാളിയാണ് എന്ന് തെളിയിക്കുന്ന രേഖകളാണ് ഇതോടെ പുറത്തുവരുന്നത്. പെരുവന്താനം സിഐയുടെ പേരിൽ അനധികൃതമായി സിമന്റ് ഇറക്കിയ സംഭവം നേരത്തെ പുറത്തുവന്നിരുന്നു. ശബരിമല തീർത്ഥാടകരിൽ നിന്നും ദർശനത്തിനായി പണം ഈടാക്കിയ ആരോപണവും നേരത്തെ ഉണ്ടായിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് കാഞ്ഞിരപ്പള്ളി കെഎം വെജിറ്റബിൾസ് എന്ന കടയിൽ നിന്നും 10 കിലോ മാമ്പഴം മോഷ്ടിച്ച് രക്ഷപ്പെട്ടത്. ഇതോടെയാണ് പോലീസ് വിഷയത്തിൽ തുടർനടപടിയുമായി രംഗത്ത് വന്നത്.  മാമ്പഴ മോഷണക്കേസ് കൂടി പുറത്തുവന്നതോടെ ശിഹാബിനെതിരെ വകുപ്പുതലത്തിൽ തുടർനടപടികൾ ഉണ്ടാകും എന്നും കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക്ക് വ്യക്തമാക്കി. ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ പരിധിയിലാണ് നിലവിൽ ഷിഹാബ് ജോലി ചെയ്തു വരുന്നത്. അതുകൊണ്ടുതന്നെ ഇടുക്കി പോലീസ് ആണ് വകുപ്പ് തല നടപടികൾ തുടർന്ന് സ്വീകരിക്കുക എന്നും കോട്ടയം ജില്ലാ പോലീസ് മേധാവി കൂട്ടിച്ചേർത്തു. അതേസമയം ബലാൽസംഗ കേസിൽ അടക്കം ഉൾപ്പെട്ട പ്രതിയെ പോലീസ് സംരക്ഷിക്കുന്നതായി ഉള്ള ആരോപണം ശക്തമാണ്. വേഗത്തിൽ ഇയാളെ കസ്റ്റഡിയിൽ എടുക്കാത്തതിന് കാരണം പോലീസിലുള്ള സംരക്ഷണ വലയമാണ് എന്ന് ആരോപണവും ഉയരുന്നുണ്ട്.  കഴിഞ്ഞമാസം 30നാണ് സംഭവം ഉണ്ടായത് എങ്കിലും ആദ്യഘട്ടത്തിൽ കടയുടമ കേസ് നൽകാൻ തയ്യാറായിരുന്നില്ല. പോലീസ് ഉദ്യോഗസ്ഥൻ എന്ന് കണ്ടതോടെയാണ് കടയുടമ കേസിൽ നിന്ന് പിൻവാങ്ങിയത്. തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ ശ്രദ്ധയിൽ ഈ വിഷയം വന്നതോടെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പോലീസ് തീരുമാനിച്ചത്. സിസിടിവി ദൃശ്യങ്ങൾ അടക്കം പുറത്തുവന്നതോടെയാണ് കേസിൽ ഷിഹാബ് കുടുങ്ങിയത്.

Previous Post Next Post