മുംബൈ: മൂന്നര വയസുകാരനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ 28 വയസു കാരിയായ രണ്ടാനമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ ഡോംബിവ്‌ലിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിക്ക് കുട്ടിയെ ഇഷ്ടമല്ലാത്തതാണ് കൊലപാതക കാരണമെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് ഡോംബിവ്‌ലി വെസ്റ്റിലെ ശാസ്ത്രി നഗർ ഹോസ്പിറ്റലിൽ കുട്ടിയെ പരിക്കുകളോടെ പ്രവേശിപ്പിച്ചത്. വൈകിട്ട് 4.25 ഓടെ കുട്ടി മരിച്ചു. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
കുട്ടിയുടെ ശരീരത്തിൽ മുറിവുകളുണ്ടായിരുന്നെന്ന് ഡോക്ടർ പൊലീസിനെ അറിയിച്ചു. കുട്ടിയുടെ ശരീരത്തിലുടനീളം ഒന്നിലധികം മുറിവുകളുണ്ടായിരുന്നു. അടിവയറ്റിലേറ്റ ആഴത്തിലുള്ള മുറിവ് കാരണമുണ്ടായ രക്തസ്രാവമാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു