സ്കൂൾ ബസ് മറ്റൊരു ബസിലേക്ക് ചെരിഞ്ഞു; വാഹനങ്ങൾക്കിടെ കുടുങ്ങി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം, ഡ്രൈവര്‍ക്കെതിരേ കേസ്


കോഴിക്കോട്: സ്‌കൂള്‍ ബസുകള്‍ക്കിടയില്‍ കുടുങ്ങി ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കോഴിക്കോട് മുക്കത്തിനടുത്ത് കൊടിയത്തൂരിലെ പിടിഎം ഹൈസ്‌കൂള്‍ വിദ്യാര്‍ഥി പാഴൂര്‍ മുന്നൂര് തമ്പലങ്ങോട്ടുകുഴി മുഹമ്മദ് ബാഹിഷ് (14) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലരയോടെ സ്‌കൂള്‍ പരിസരത്തായിരുന്നു അപകടം. നിര്‍ത്തിയിട്ടിരുന്ന ബസുകളില്‍ ഒന്ന് മുന്നോട്ട് എടുത്തപ്പോള്‍ ചക്രം കുഴിയില്‍ വീഴുകയും സമീപത്തുണ്ടായിരുന്ന മറ്റൊരു ബസിലേക്ക് ചരിയുകയുമായിരുന്നു. അവിടെയുണ്ടായിരുന്ന ബാഹിഷ് ഇതിനിടയില്‍ കുടുങ്ങി. മറ്റു വിദ്യാര്‍ഥികള്‍ ബഹളം വച്ചതോടെയാണ് സംഭവം ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടത്. കുട്ടിയെ പുറത്തെടുത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  മുക്കം പോലീസ് സ്ഥലത്തെത്തി അപകടസ്ഥലം പരിശോധിച്ചു. അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ബസ് ഡ്രൈവര്‍ക്കെതിരേ കേസെടുത്തു. സ്‌കൂളില്‍ ഇന്നലെ കലോത്സവം നടക്കുകയായിരുന്നു. മത്സരങ്ങള്‍ അവസാനഘട്ടത്തിലേക്കു കടക്കുന്നതിനിടെയാണ് ഏവരെയും നടുക്കിയ അപകടമുണ്ടായത്.  തമ്പലങ്ങോട്ടുകുഴി ബാവയുടെയും റഹ്മത്തിന്റെയും മകനാണ് ബാഹിഷ്. ഹിബയും ആയിഷ ബൈസയുമാണ് സഹോദരങ്ങള്‍. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ബാഹിഷിന്റെ മരണത്തിനു പിന്നാലെ സ്‌കൂളിനെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അപകടവിവരം സ്‌കൂള്‍ അധികൃതര്‍ പോലീസിലുള്‍പ്പെടെ അറിയിച്ചത് ഏറെ വൈകിയാണെന്നാണ് പ്രധാന പരാതി. അപകടമുണ്ടാക്കിയ കെഎല്‍ 57 ഇ 9592 എന്ന സ്‌കൂള്‍ ബസിന് സര്‍വീസ് പെര്‍മിറ്റുണ്ടായിരുന്നില്ലെന്ന ആരോപണമുണ്ട്. ഓഗസ്റ്റ് മാസത്തോടെ പെര്‍മിറ്റ് കാലാവധി പൂര്‍ത്തിയായി എന്നാണ് മോട്ടോര്‍വാഹന വകുപ്പിന്റെ വെബ്‌സൈറ്റില്‍ കാണിക്കുന്നത്. എന്നാല്‍ ആരോപണങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ നിഷേധിച്ചു. ചികിത്സ നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യത്തില്‍ വീഴ്ച വന്നിട്ടില്ലെന്നും ബസിന്റെ പെര്‍മിറ്റ് പുതുക്കിയിട്ടുണ്ടെന്നുമാണ് വിശദീകരണം. വെബ്‌സൈറ്റില്‍ കാണുന്നത് സാങ്കേതിക തകരാര്‍ മൂലമാവാമെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു.


Previous Post Next Post