'പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ നാണയം വെച്ച് പൂജ'; പോക്സോ കേസിലെ പ്രതിയായ പൂജാരിക്കെതിരെ പ്രതിഷേധം


തൃശൂർ: ആഭിചാര ക്രിയകള്‍ നടത്തുന്നുവെന്ന് ആരോപിച്ച് തൃശ്ശൂരില്‍ ക്ഷേത്ര പൂജാരിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. മാള കുണ്ടൂര്‍ മഠത്തിലാന്‍ മുത്തപ്പന്‍ കാവ് ക്ഷേത്രത്തിനെതിരെയാണ് പ്രധിഷേധം. നിയമവിരുദ്ധ ആഭിചാരക്രിയകള്‍ നടത്തുന്ന ക്ഷേത്രം അടച്ചുപൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ക്ഷേത്രത്തിലെ പൂജാ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വ്യക്തിക്കെതിരെ പോക്‌സോ അടക്കമുള്ള കേസുകളുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. മുന്‍പും പൂജാരിക്കെതിരെ നാട്ടുകാര്‍ സമാന പരാതിയുയര്‍ത്തിയിരുന്നു. പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ നാണയം വെച്ച് പൂജ നടത്തി എന്ന പരാതിയിലായിരുന്നു പോലീസ് നടപടി. ഈ കേസ് ഇപ്പോൾ വിചാരണ ഘട്ടത്തിലാണ്. പലതവണ അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയെടുക്കുന്നില്ലെന്നും നാട്ടുകാര്‍ വ്യക്തമാക്കി. ആഭിചാര കര്‍മ്മങ്ങള്‍ നടക്കുന്ന ഈ ക്ഷേത്രം എത്രയും പെട്ടെന്ന് അടച്ചുപൂട്ടി പൂജാരിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മൂന്ന് വര്‍ഷമായി ഈ ക്ഷേത്രത്തില്‍ പൂജ നടന്നുവരികയാണ്. മുന്‍പ് കല്‍പ്പണിക്കാരനായ ഒരു വ്യക്തിയാണ് ഇപ്പോള്‍ ക്ഷേത്രത്തിലെ പൂജാ കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ക്ഷേത്രത്തില്‍ നടക്കുന്നത് ആഭിചാരമാണെന്നും ഇത് തങ്ങളുടെ സ്വൈര്യ ജീവിതം നശിപ്പിക്കുന്നുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. രാത്രി നടക്കുന്ന ആഭിചാര ക്രിയകള്‍ മൂലമുണ്ടാകുന്ന വലിയ ബഹളങ്ങള്‍ ക്ഷേത്രത്തിനടുത്ത് താമസിക്കുന്നവര്‍ക്ക് വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

Previous Post Next Post