ന്യൂഡല്‍ഹി: പോസ്റ്റ് ഓഫീസ് സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ഇ- പാസ്ബുക്ക് സൗകര്യം ഏര്‍പ്പെടുത്തി. സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ഓണ്‍ലൈനായി പാസ്ബുക്ക് പരിശോധിക്കാന്‍ സഹായിക്കുന്നതാണ് സംവിധാനമെന്ന് കേന്ദ്ര മന്ത്രി ദേവുസിന്‍ഹ് ചൗഹാന്‍ അറിയിച്ചു.
ഇതോടെ അക്കൗണ്ട് ഉടമയ്ക്ക് ഓണ്‍ലൈനായി ഏതു കാലഘട്ടത്തിലെയും ഇടപാട് ചരിത്രം അറിയാന്‍ സാധിക്കും. നിലവില്‍ ഓണ്‍ലൈന്‍ വഴി മിനി സ്‌റ്റേറ്റ്‌മെന്റ് മാത്രമാണ് ലഭിച്ചിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ പോസ്റ്റ് ഓഫീസില്‍ പോകേണ്ടതുണ്ട്. ഉപഭോക്താക്കള്‍ക്ക് സുതാര്യമായും അതിവേഗത്തിലും സേവനങ്ങള്‍ ലഭിക്കുന്നതിന് എല്ലാ മേഖലയിലും ഡിജിറ്റല്‍വത്കരണം സാധ്യമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യത്തിന്റെ ചുവടുപിടിച്ചാണ് പോസ്റ്റ് ഓഫീസ് സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ഇ - പാസ്ബുക്ക് സൗകര്യം ഏര്‍പ്പെടുത്തിയതെന്നും ദേവുസിന്‍ഹ് ചൗഹാന്‍ വ്യക്തമാക്കി.
പോസ്റ്റ് ഓഫീസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഓണ്‍ലൈനായി പാസ്ബുക്ക് പരിശോധിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ആദ്യം മൊബൈല്‍ ബാങ്കിങ് തെരഞ്ഞെടുക്കുക. തുടര്‍ന്ന് അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയ ശേഷം മുന്നോട്ടുപോകുക.
പിന്നീട് പോസ്റ്റ് ഓഫീസ് അക്കൗണ്ടിലേക്കാണ് അക്കൗണ്ട് ഉടമയെ റീഡയറക്ട് ചെയ്യുക. ഇവിടെ ബാലന്‍സ് ചെക്ക് ചെയ്യുന്നതിനും സ്റ്റേറ്റ്‌മെന്റ് അറിയുന്നതിനും രണ്ട് ഓപ്ഷനുകള്‍ നല്‍കിയിരിക്കും. ഇതില്‍ സ്‌റ്റേറ്റ്‌മെന്റ് തെരഞ്ഞെടുത്ത് വേണം മുന്നോട്ടുപോകാന്‍.
തുടര്‍ന്ന് വരുന്ന അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് ഓപ്ഷന്‍ തെരഞ്ഞെടുത്ത് വിശദാംശങ്ങള്‍ അറിയേണ്ട കാലഘട്ടം രേഖപ്പെടുത്തുക. തുടര്‍ന്ന് ഡേറ്റ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാസ്ബുക്കിലെ മുഴുവന്‍ വിവരങ്ങളും പരിശോധിക്കാനുള്ള സംവിധാനം ഇതില്‍ ഒരുക്കിയിട്ടുണ്ട്.