മുടി മിനുസത്തോടെ വളരാന്‍ ജാപ്പനീസ് ട്രിക്ക്.......... എണ്ണ വീട്ടില്‍ തയ്യാറാക്കാം.



വെബ് ടീം : ജപ്പാന്‍കാരുടെ മുടിയും ചര്‍മവുമെല്ലാം പ്രത്യേകതയുള്ളവയാണ്. ചര്‍മം ചുളിവുകളില്ലാത്തതും തിളങ്ങുന്നതും. മുടിയാകട്ടെ നല്ല സില്‍ക് പോലുള്ളതും. ഇവര്‍ ഇതിനൊക്കെയായി ഉപയോഗിയ്ക്കുന്ന പല ട്രിക്കുകളുമുണ്ട്. ഇവരുടെ മുടി സംരക്ഷണത്തിന് ഉപയോഗിയ്ക്കുന്ന ഒരു പ്രത്യേക എണ്ണയെ കുറിച്ചറിയൂ. മുടി നല്ലതു പോലെ വളരാനും സില്‍ക് പോലെ വളരാനും സഹായിക്കുന്ന ഒന്നാണിത്. ഇതിനായി ചില പ്രത്യേക ചേരുവകളാണ് ഉപയോഗിയ്ക്കുന്നത്. ഒലീവ് ഓയിലാണ് ഇതിനായി ഉപയോഗിയ്ക്കുന്ന എണ്ണ. ഇഞ്ചി, വെളുത്തുള്ളി, ഗ്രാമ്പൂ, ആവണക്കെണ്ണ എന്നിവയും ഇതില്‍ ചേര്‍ക്കുന്നുണ്ട്. ഒലീവ് ഓയില്‍ നല്ല കൊഴുപ്പിനാല്‍ സമ്പുഷ്ടമാണ്. മുടിയുടെ ആരോഗ്യത്തിനും പൊതുവേ ഏറെ നല്ലതാണ് ഇത്. ഒലീവ് ഓയില്‍ മുടിയ്ക്ക് ഈര്‍പ്പം നല്‍കുന്നു. വരണ്ട മുടിയെങ്കില്‍ പ്രത്യേകിച്ചും ഈ എണ്ണ ഗുണകരമാണ്. ഇതു പോലെയാണ് ആവണക്കെണ്ണയും. മുടി വളരാനും കറുക്കാനുമെല്ലാം പൊതുവേ ഉപയോഗിച്ച് വരുന്ന ഒന്നാണ് ആവണക്കെണ്ണ.

ഇഞ്ചിയും വെളുത്തുള്ളിയും അടുക്കള ചേരുവകളെങ്കില്‍ പോലും മുടിയുടെ ആരോഗ്യത്തിനും ഏറെ മികച്ചത് തന്നെയാണ്. ഇഞ്ചി മുടി നരയ്ക്കും ഉപയോഗിയ്ക്കുന്ന ഒരു മരുന്നാണ്. വെളുത്തുള്ളിയും ഇഞ്ചിയും ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. ഇതിനാല്‍ തന്നെ മുടിയുടെ ആരോഗ്യത്തിനും മികച്ചതാണ്. മുടിയ്ക്ക് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നവയാണ് ഇവ രണ്ടും. ആന്റി ബാക്ടീരിയല്‍, ഫംഗല്‍ ഗുണങ്ങള്‍ അടങ്ങിയ വെളുത്തുള്ളി താരന്‍ മാറാനുളള നല്ലൊരു മരുന്നു കൂടിയാണ്.

ഇതില്‍ ഗ്രാമ്പൂവും ഉപയോഗിയ്ക്കുന്നു. നല്ലൊരു മരുന്നായ ഗ്രാമ്പൂ മുടി സംരക്ഷണത്തിനും മികച്ചതാണ്. ഇത് മുടിയുടെ വളര്‍ച്ചയ്ക്കും നരയ്ക്കുമെല്ലാം നല്ല മരുന്നാണ്. മുടി നല്ലതു പോലെ വളര്‍ത്താന്‍ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഒന്നാണ് ഗ്രാമ്പൂ അഥവാ കരയാമ്പൂ. മുടിയുടെ ആരോഗ്യത്തിന് പല തരത്തിലും ഗ്രാമ്പൂ ഉപയോഗിയ്ക്കാം. താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും മുടി കൊഴിച്ചിലിനുമെല്ലാം ഇതേറെ നല്ലതാണ്. മുടിയ്ക്ക് തിളക്കവും മിനുസവുമെല്ലാം നല്‍കാന്‍ ഇതേറെ ഗുണകരവുമാണ്. വരണ്ട മുടിയ്ക്കുള്ള നല്ലൊരു മരുന്ന് കൂടിയാണിത്. പേന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരവും.

ഇത് തയ്യാറാക്കുവാന്‍ എണ്ണ എത്ര വേണം എന്നതിന് അനുസരിച്ച് ഒലീവ് ഓയില്‍ എടുക്കുക. ഇതില്‍ ഒരു കഷ്ണം ഇഞ്ചി, വെളുത്തുള്ളി എന്നിവ തൊലി കളഞ്ഞ് ചീകിയിടുക. ഇത് ഒന്നു രണ്ടു മണിക്കൂര്‍ വച്ച ശേഷം ഇളം തീയില്‍ 15 മിനിറ്റ് ചൂടാക്കുക. ഇത് വാങ്ങി ആവണക്കെണ്ണയും ഒരു ടീസ്പൂണ്‍ ചേര്‍ക്കണം. ആവണക്കെണ്ണ നിര്‍ബന്ധമില്ല. ചുരുണ്ട മുടിയുള്ളവര്‍ ഇത് ചേര്‍ക്കുന്നതാണ് നല്ലത്. ഇത് വാങ്ങി വച്ച് തണുക്കുമ്പോള്‍ ഊറ്റിയെടുക്കണം. ഈ ഓയിലില്‍ ഗ്രാമ്പൂ മൂന്നു നാലെണ്ണം ഇട്ടു വയ്ക്കുക. ഇത് എടുത്തു മാറ്റേണ്ടതില്ല. ഒരാഴ്ച ഇത് അധികം സൂര്യപ്രകാശം ഇല്ലാത്ത ഇടത്ത് വയ്ക്കുക. ഗ്ലാസ് ജാറില്‍ സൂക്ഷിയ്ക്കുന്നതാണ് നല്ലത്. ഇത് ശിരോചര്‍മത്തില്‍ പുരട്ടി മസാജ് ചെയ്ത് 1 മണിക്കൂര്‍ ശേഷം കഴുകാം. മുടി കൊഴിച്ചില്‍ നിര്‍ത്താനും മുടി വളരാനും കറുക്കാനും മിനുസമാക്കാനുമെല്ലാം സഹായിക്കുന്ന ഒരു പ്രത്യേക എണ്ണയാണിത്.

Previous Post Next Post