യുക്രൈൻ : കീവിലെ റഷ്യൻ ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി യുക്രൈൻ പ്രസിഡന്റ്. ഭൂമുഖത്ത് നിന്ന് യുക്രൈനെ തുടച്ചുനീക്കാനുള്ള ശ്രമമാണ് റഷ്യ നടത്തുന്നതെന്ന് വോളോഡിമർ സെലൻസ്കി. രാജ്യത്തുടനീളം നടക്കുന്ന ആക്രമണത്തിൽ പൗരന്മാർ മരിച്ചു വീഴുന്നു. ഇത് അവസാനിപ്പിക്കണമെന്നും സെലൻസ്കി. “അവർ ഞങ്ങളെ നശിപ്പിക്കാനും ഭൂമിയിൽ നിന്ന് തുടച്ചുനീക്കാനും ശ്രമിക്കുന്നു…നഗരത്തിലെ വീടുകളിൽ ഉറങ്ങുന്ന പൗരന്മാരെ മിസൈൽ വര്‍ഷിച്ച് കൊലപ്പെടുത്തുന്നു. ഡിനിപ്രോയിലും കീവിലും ജോലിക്ക് പോകുന്നവരെയും കൊല്ലുന്നു. യുക്രൈനിലുടനീളം വ്യോമാക്രമണ സൈറണുകൾ മുഴങ്ങുന്നു, മിസൈലുകൾ പതിക്കുന്നു. നിർഭാഗ്യവശാൽ ആളുകൾ മരിക്കുന്നു ചിലർക്ക് പരുക്കേൽക്കുന്നു.” – ടെലിഗ്രാം സന്ദേശത്തിൽ സെലെൻസ്‌കി പറയുന്നു. യുക്രൈന്റെ തലസ്ഥാന നഗരിയായ കീവില്‍ മിസൈല്‍ വര്‍ഷിച്ച് റഷ്യ. നേരത്തെ നിര്‍ണായക മേഖലകള്‍ കൈവിട്ട റഷ്യ നടത്തുന്ന പ്രത്യാക്രമണമാണിത്. കീവില്‍ പലയിടത്തായി സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്‌ഫോടനങ്ങളുടെ പരമ്പര തന്നെയുണ്ടായെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാവിരെ എട്ടരയ്ക്ക് ശേഷം ഷെവ്‌ചെങ്കീവ് ജില്ലയില്‍ പലയിടത്തും സ്‌ഫോടനങ്ങള്‍ നടന്നതായി മേയര്‍ പറയുന്നു. ഇത് തലസ്ഥാന നഗരയുടെ മധ്യത്തിലാണ്. നാലോളം മിസൈലുകളാണ് കീവിനെ ലക്ഷ്യമിട്ട് എത്തിയതെന്നാണ് വിവരം.