വെറും ഒന്നരമാസം മാത്രം അധികാരത്തിൽ; ലിസ് ട്രസ് രാജി വെച്ചത് എന്തുകൊണ്ട്? ബ്രിട്ടനിൽ ഇനിയെന്ത്?


യു.കെ. : രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ അടിമുടി പരിഷ്കരിക്കുമെന്ന വാ​ഗ്ദാനവുമായി കഴിഞ്ഞ മാസമാണ് യുകെയിൽ ലിസ് ട്രസ് പ്രധാനമന്ത്രിയായി അധികാരമേറ്റത്. എന്നാൽ സാമ്പത്തിക പരിഷ്കാരങ്ങളെല്ലാം പാളിപ്പോകുകയും വൻ വിമർശനം നേരിടുകയും ചെയ്തതിനു പിന്നാലെ അധികാരമേറ്റ് നാൽപത്തിയഞ്ചാം ദിവസം പടിയിറങ്ങിയിരിക്കുകയാണ് ലിസ്. ഈ രാജിയോടെ ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രിയായും ലിസ് ട്രസ് മാറി. ജീവിതച്ചെലവുകളിലുണ്ടായ വർദ്ധനവ്, യുക്രൈൻ യുദ്ധം, കോവിഡ് മഹാമാരി തുടങ്ങിയ പ്രതിസന്ധികൾക്കിടയിലാണ് ട്രസ് അധികാരമേറ്റത്. പിന്നാലെ 105 ബില്യൺ പൗണ്ട് (116 ബില്യൺ ഡോളർ) നികുതി വെട്ടിക്കുറക്കുമെന്ന് ലിസ് പ്രഖ്യാപിച്ചു. എന്നാൽ ഇത് എങ്ങനെ എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകിയിട്ടുമില്ല. രാജ്യത്തിന്റെ പൊതു കടം കുതിച്ചുയരുമെന്ന് പലരും ലിസിന് മുന്നറിയിപ്പ് നൽകിയിരുന്നു.  എന്നാൽ പുതിയ പ്രഖ്യാപനത്തോടെ സർക്കാർ എങ്ങനെയാണ് ബില്ലുകൾ അടക്കുക എന്നതിനെക്കുറിച്ചും പുതിയ പ്രധാനമന്ത്രിയുടെ സാമ്പത്തിക ജ്ഞാനത്തെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നു. സാമ്പത്തിക പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങൾ ട്രസിന്റെ നിലനിൽപിനെ തന്നെ ബാധിച്ചു. ഒടുവിൽ രാജിവയ്ക്കാനുള്ള തീരുമാനത്തിലേക്ക് ലിസ് എത്തി.

ഇനിയെന്ത്?

ഒക്‌ടോബർ 28നകം പുതിയ നേതാവിനേയും പ്രധാനമന്ത്രിയേയും തിരഞ്ഞെടുക്കുമെന്നാണ് കൺസർവേറ്റീവ് പാർട്ടി പറയുന്നത്. അതുവരെ ട്രസ് കാവൽ പ്രധാനമന്ത്രിയായി തുടരും. പുതിയ പ്രധാനമന്ത്രിയെ ഉടൻ തിരഞ്ഞെടുക്കുമെന്നാണു കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നിലപാട്. ഇന്ത്യന്‍ വംശജന്‍ ഋഷി സുനകിന്റെ പേരും പരി​ഗണനയിലുണ്ട്.

മൽസരിക്കാൻ ആ​ഗ്രഹിക്കുന്നവർ തിങ്കളാഴ്ച ഉച്ചയോടെ ആകെയുള്ള 357 കൺസർവേറ്റീവ് എംപിമാരിൽ 100 പിന്തുണ നേടിയിരിക്കണം. അവസാന സ്ഥാനത്തെത്തുന്ന സ്ഥാനാർത്ഥിയെ ഒഴിവാക്കുകയും ആദ്യ സ്ഥാനങ്ങളിലെത്തുന്ന രണ്ട് സ്ഥാനാർത്ഥികളിൽ ഒരാളെ ഓൺലൈൻ വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കുകയും ചെയ്യും.

ഭിന്നതകളില്ലാതെ, പാർട്ടിയിലെ എല്ലാവർക്കും സമ്മതനായ ഒരു നേതാവിനെ തിരഞ്ഞെടുക്കാനാകുമെന്നാണ് കൺസർവേറ്റീവ് പാർട്ടി പ്രതീക്ഷിക്കുന്നത്.

കൺസർവേറ്റീവ് പാർട്ടിക്കു മുന്നിലുള്ള വെല്ലുവിളികൾ

പുതിയ പ്രധാനമന്ത്രി അധികാരമേറ്റ് ഏതാനും ദിവസങ്ങൾക്ക് ശേഷം, ഒക്‌ടോബർ 31 ന്, ഇപ്പോഴത്തെ ധനമന്ത്രി ജറമി ഹണ്ട് തന്റെ സാമ്പത്തിക പദ്ധതി ഹൗസ് ഓഫ് കോമൺസിൽ സമർപ്പിക്കുന്നതാണ് ആദ്യ വെല്ലുവിളി. മുൻ ധനമന്ത്രി അവതരിപ്പിച്ച സാമ്പത്തിക നയങ്ങളാണ് ലിസ് സർക്കാരിൽ പ്രതിസന്ധി സൃഷ്ടിച്ചത്. നികുതിയിളവുകളിൽ ഭൂരിഭാ​ഗവും എടുത്തുകളയുകയും വരും വർഷങ്ങളിൽ സർക്കാർ പൊതുകടം കുറക്കുകയും ചെയ്യുമെന്ന് ജറമി ഹണ്ട് വാ​ഗ്ദാനം ചെയ്തിട്ടുണ്ട്. ചെലവ് ചുരുക്കൽ ആവശ്യമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ആരോഗ്യ സംരക്ഷണം, ക്ഷേമ ആനുകൂല്യങ്ങൾ, സംസ്ഥാന പെൻഷനുകൾ, സ്‌കൂളുകളിലെ സൗജന്യ ഉച്ചഭക്ഷണം തുടങ്ങിയ മേഖലകളിൽ ചെലവ് വർദ്ധിപ്പിച്ച് സമൂഹത്തിലെ പാവപ്പെട്ടവരെ വിലക്കയറ്റത്തിൽ നിന്ന് രക്ഷിക്കാൻ പ്രതിപക്ഷ പാർട്ടികളും ചില കൺസർവേറ്റീവ് എംപിമാരും ഇതിനകം തന്നെ സമ്മർദം ചെലുത്തുന്നുണ്ട്.

യുകെയിൽ ഇപ്പോൾ പൊതു തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കാത്തത് എന്തുകൊണ്ട്?

ഒരു പൊതുതിരഞ്ഞെടുപ്പ് കഴിഞ്ഞ്, പാർലമെന്റ് സമ്മേളനം ചേരുന്ന ആദ്യ തീയതി മുതല്‍ അഞ്ച് വര്‍ഷത്തേക്കാണ് ബ്രിട്ടീഷ് പാര്‍ലമെന്‌റിന്റെ കാലാവധി. 2019 ഡിസംബര്‍ 12 നായിരുന്നു ബ്രിട്ടണില്‍ അവസാനമായി പൊതു തിരഞ്ഞെടുപ്പ് നടന്നത്. അഞ്ച് ദിവസത്തിന് ശേഷം ആദ്യമായി പാര്‍ലമെന്‌റ് സമ്മേളനം നടന്നു. 2024 ഡിസംബര്‍ 17 നാണ് നിലവിലെ പാര്‍ലമെന്റിന്‌റെ കാലാവധി പൂര്‍ത്തിയാകുക. അതിനു ശേഷമേ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാകൂ. അതിന് മുന്‍പ് പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ചാള്‍സ് മൂന്നാമത് അധികാരമുണ്ട്. നിയമമനുസരിച്ച് പൊതുതിരഞ്ഞെടുപ്പ് നടത്താന്‍ പ്രധാനമന്ത്രിക്ക് രാജാവിനോട് ആവശ്യപ്പെടാം. എന്നാല്‍ നിലവിലെ പ്രതിസന്ധിയിൽ അത്തരമൊരു നീക്കത്തിന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ശ്രമിക്കാൻ സാധ്യതയില്ല.

ജനങ്ങള്‍ക്ക് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും അതിനാല്‍ പൊതു തിര‍ഞ്ഞെടുപ്പ് നടത്തണമെന്നുമാണ് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടികൾ ആവശ്യപ്പെടുന്നത്. തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വിജയിച്ചാൽ കൺസർവേറ്റീവ് പാർട്ടിക്ക് അത് തിരിച്ചടിയാകും. ഇത് കണക്കിലെടുത്ത്, ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാനാണ് പാർട്ടി ശ്രമിക്കുന്നത്. പൊതുതിരഞ്ഞെടുപ്പിൽ തങ്ങളുടെ പല സീറ്റുകളും നഷ്‌ടപ്പെടുമെന്ന ഭയവും കൺസർവേറ്റീവ് എംപിമാർക്കുണ്ട്.

Previous Post Next Post