ഡൽഹി: വാഹനങ്ങളിൽ നിന്നുള്ള പുക വലിയ തോതിൽ വായു മലിനീകരണത്തിന് കാരണമാകുന്നുണ്ട്. ഗ്രീൻ ലൈറ്റ് കാത്ത് നിൽക്കുന്ന സമയത്ത് എല്ലാ എഞ്ചിനുകളും ഓഫ് ചെയ്താൽ വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം 15-20 ശതമാനം വരെ കുറയ്ക്കാമെന്നും പഠനങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് വായുമലിനീകരണം കുറയ്ക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ഡൽഹി സർക്കാരിന്റെ കാമ്പെയ്‌ൻ ആണ് ‘റെഡ് ലൈറ്റ് ഓൺ, ഗാഡി ഓഫ്’.
എന്താണ് ‘റെഡ് ലൈറ്റ് ഓൺ, ഗാഡി ഓഫ്’?
പേര് സൂചിപ്പിക്കുന്നത് പോലെ, ട്രാഫിക് ലൈറ്റ് ചുവപ്പിൽ നിന്ന് പച്ചയായി മാറുന്നത് കാത്തിരിക്കുന്ന സമയത്ത് ആളുകളെ അവരുടെ വാഹനങ്ങളുടെ എഞ്ചിനുകൾ സ്വിച്ച് ഓഫ് ചെയ്യാൻ പ്രേരിപ്പിക്കുന്നതാണ് ഈ ക്യാമ്പയിൻ. ഇതിലൂടെ വായുമലിനീകരണം കുറയ്ക്കുക എന്നാണ് ലക്ഷ്യമിടുന്നത്
ഡൽഹിയിലെ ട്രാഫിക്കിൽ പച്ച സിഗ്നലിനായി കാത്തുനിൽക്കുന്ന സമയത്ത് ആരെങ്കിലും നിങ്ങൾക്ക് നേരെ റോസാപ്പൂ നീട്ടിയാൽ ആശ്ചര്യപ്പെടേണ്ട നിങ്ങളുടെ വാഹനത്തിന്റെ എൻജിനുകൾ ഓഫ് ചെയ്യാൻ ഓർമ്മിപ്പിക്കുന്നതാണ് അത്. 2020 ഒക്ടോബർ 16 ന് ഡൽഹിയിലാണ് ആദ്യമായി ഇത് ആരംഭിക്കുന്നത്.
ദീപാവലിക്ക് ശേഷം ഡൽഹിയിൽ മലിനീകരണ തോത് വർധിക്കുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് അടുത്തിടെ പറഞ്ഞിരുന്നു. ദീപാവലിക്ക് ശേഷം എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) നോയിഡയിൽ 342ലും ഡൽഹിയിൽ 323ലും എത്തിയിരുന്നു.
2021-ൽ, പ്രചാരണ പരിപാടികൾക്ക് മുന്നോടിയായി, കെജ്‌രിവാൾ ട്വീറ്റ് ചെയ്തിരുന്നത് ഇങ്ങനെയാണ്. “ദയവായി മലിനീകരണത്തിനെതിരായ ഈ പോരാട്ടത്തിൽ നിങ്ങളും കൈകോർക്കുക. ചുവന്ന ലൈറ്റിൽ നിർത്തുമ്പോഴെല്ലാം, ദയവായി നിങ്ങളുടെ കാറിന്റെ എഞ്ചിൻ ഓഫ് ചെയ്യുക. ഇത് ഇന്ധനം ലാഭിക്കുകയും മലിനീകരണം കുറയ്ക്കുകയും ചെയ്യും. ഡൽഹിയിലെ മലിനീകരണം കുറയ്ക്കാൻ ഒരുമിച്ച് പ്രവർത്തിക്കുക.
ഈ വർഷം എങ്ങനെ പ്രവർത്തിക്കും
ഓപ്പറേഷൻ വിജയിപ്പിക്കുന്നതിനായി 2500 സിവിൽ ഡിഫൻസ് വോളന്റിയർമാരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിക്കും. വാഹനങ്ങൾ സ്വിച്ച് ഓഫ് ചെയ്യുന്നത് അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന് എങ്ങനെ സഹായിക്കുമെന്ന് അവർ ജനങ്ങളെ ബോധവാത്കരിക്കും. വോളന്റിയർമാരെ ഓരോ സ്ഥലങ്ങളിൽ ഒരു ദിവസം രണ്ട് വ്യത്യസ്ത ഷിഫ്റ്റുകളിലായി വിന്യസിക്കും. രണ്ട് ഷിഫ്റ്റുകളിലായി ദിവസവും 12 മണിക്കൂർ പ്രചാരണം നടത്തും. ആദ്യ ഷിഫ്റ്റ് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെയും രണ്ടാമത്തേത് ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെയും ആയിരിക്കും.
“കൂടാതെ, ഉയർന്ന ട്രാഫിക് നേരിടുന്ന ഡൽഹിയിലെ 10 പ്രധാന റോഡുകളെ കേന്ദ്രീകരിച്ചാണ് ട്രാഫിക് പോലീസ് ഈ കാമ്പെയ്‌ൻ നടത്തുന്നത്. ഓരോ ഷിഫ്റ്റിലും 20 സിവിൽ ഡിഫൻസ് വോളന്റിയർമാരെ അത്തരം സ്ഥലങ്ങളിൽ വിന്യസിക്കും. വൊളന്റിയർമാർ പ്ലക്കാർഡുകളിലൂടെയും ബാനറുകളിലൂടെയും പൊതുജനങ്ങളെ ബോധവൽക്കരിക്കും”