പത്മയെ കാണാനില്ലെന്ന പരാതി നല്കിയത് സഹോദരിയായിരുന്നു. അവര്ക്ക് എന്ത് സംഭവിച്ചുവെന്നോ അവർ ഉടുത്ത വസ്ത്രം എന്താണെന്നോ പോലും അറിഞ്ഞിരുന്നില്ല. ഈ കേസില് ആദ്യം കണ്ടെടുത്ത സിസിടിവി ദൃശ്യങ്ങളും സ്‌കോര്പിയോ കാറുമാണ് തുമ്പായത്. അങ്ങനെ ഷാഫിയിലേക്ക് എത്തി. എന്നാൽ ഷാഫിയെ ചോദ്യം ചെയ്തിട്ട് ഒന്നും ലഭിച്ചില്ല. ഇയാൾ ചോദ്യം ചെയ്യലുമായി സഹകരിച്ചില്ല. ഇതോടെ ശാസ്ത്രീയ തെളിവുകളും മൊബൈൽ ടവർ ലൊക്കേഷൻ വിവരങ്ങളും ശേഖരിച്ചു.
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണം പത്തനംതിട്ട ജില്ലയിലേക്ക് എത്തി. അവിടെനിന്നുള്ള സിസിടിവി ദൃശ്യങ്ങളും മൊബൈൽ ലൊക്കേഷനും ശേഖരിച്ച് നടത്തിയ അന്വേഷണം ദമ്പതിമാരിലേക്ക് എത്തി. അവരെ ചോദ്യംചെയ്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
ആ മൊഴികൾ അടിസ്ഥാനമാക്കി ചോദ്യംചെയ്തപ്പോളാണ് ഷാഫി കുറ്റംസമ്മതിച്ചതെന്നും കമ്മീഷണര് പറഞ്ഞു.
പ്രാഥമിക ചോദ്യംചെയ്യലില് ഷാഫി ഒന്നും സമ്മതിച്ചിരുന്നില്ല. പല കഥകളും പറഞ്ഞ് ഒഴിയാന് ശ്രമിച്ചു. ഈ നരബലിയിലെ മുഖ്യപ്രതി ഷാഫിയാണ്. ആറാംക്ലാസ് വരെ മാത്രമാണ് ഇയാളുടെ വിദ്യാഭ്യാസം. ഇയാള് താമസിക്കാത്ത സ്ഥലങ്ങളില്ല. ചെയ്യാത്ത ജോലികളില്ല. ഹോട്ടല് നടത്തും, ലോറി ഓടിക്കും, റിപ്പയറിങ് ജോലികൾ ചെയ്യും. 16 വര്ഷം വീട് വിട്ട് പലയിടത്തും കറങ്ങി.
കടുത്ത ലൈംഗികവൈകൃതത്തിന് അടിമയായ ഷാഫിയാണ് നരബലിയുടെ മുഖ്യസൂത്രധാരൻ.
സാമ്പത്തിക അഭിവൃദ്ധിക്കായി നരബലി നടത്താമെന്ന് ഇയാള് ദമ്പതിമാരെ വിശ്വസിപ്പിച്ചു. മറ്റുള്ളവരില് മുറിവുകളുണ്ടാക്കി ആനന്ദം കണ്ടെത്തുന്ന ഇയാള് ഒരു സാഡിസ്റ്റിക്കും സൈക്കോപാത്തുമാണ്. ഷാഫിക്കെതിരേ പുത്തന്കുരിശില് 75-കാരിയെ ബലാത്സംഗം ചെയ്ത കേസുണ്ട്. ആ സ്ത്രീയെയും കത്തി കൊണ്ട് സ്വകാര്യഭാഗങ്ങളിൽ ആക്രമിച്ചിരുന്നു. അതേരീതിയിൽ തന്നെയാണ് നരബലിക്കിരയായ സ്ത്രീകളുടെയും സ്വകാര്യഭാഗങ്ങളിൽ പരിക്കേല്പ്പിച്ചത്. ഫെയ്‌സ്ബുക്കിൽ വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് ഷാഫി ഭഗവല്‌സിങ്ങിനെ പരിചയപ്പെടുന്നത്. ഗൂഗിളിൽ നിന്നെടുത്ത ഒരു ഫോട്ടോയാണ് ഈ പ്രൊഫൈലിന്റെ ചിത്രമായി ഉപയോഗിച്ചിരുന്നത്.
വ്യാജ പ്രൊഫൈൽ ഐ.ഡി.യിലുള്ള ആളെ ഭഗവല്‌സിങ് സ്‌നേഹിച്ചു. അതിലൂടെ കൂടുതൽ അടുപ്പത്തിലായി. ഒടുവിൽ ആ കുടുംബത്തിന്റെ വിശ്വാസം ആര്ജിച്ചു. കുടുംബം പൂര്ണമായും ഇവരെ വിശ്വസിക്കുന്നനിലയിലെത്തി. അത് നരബലി വരെ എത്തിയെന്നും കമ്മീഷണർ പറഞ്ഞു.
15 വര്ഷത്തനിടെ ഷാഫിക്കെതിരേ പത്തോളം കേസുകളുണ്ട്. എന്നാല് ദമ്പതിമാര്ക്ക് ക്രിമിനല് പശ്ചാത്തലമുള്ളതായ വിവരങ്ങളില്ലെന്നും ഇതുവരെ ഇവര്‌ക്കെതിരേ കേസുകളൊന്നും റിപ്പോര്ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
പത്മ കേസിന്റെ ചോദ്യംചെയ്യലിലാണ് റോസിലിന്റെ കൊലപാതകത്തിന്റെയും ചുരുളഴിയുന്നത്. പ്രതികള് മൃതദേഹാവശിഷ്ടങ്ങള് കഴിച്ചതായുള്ള വിവരങ്ങളുണ്ട്. അതിന്റെ തെളിവുകള് കണ്ടെടുക്കാനുള്ള ശ്രമങ്ങള് നടത്തുകയാണ്. സംഭവത്തില് കൂടുതൽ പേരുണ്ടെങ്കിൽ അന്വേഷണത്തിൽ പുറത്തുവരും. സമാനരീതിയിൽ മറ്റുസംഭവങ്ങളുണ്ടായോ എന്നത് അന്വേഷിക്കുന്നുണ്ടെന്നും കമ്മീഷണര് വ്യക്തമാക്കി.
ജൂണ് എട്ടിനാണ് കാലടിയിലെ റോസിലിനെ കാണാതായത്. എന്നാല് അവരുടെ ഒപ്പം താമസിക്കുന്നയാള് ഇത് റിപ്പോര്ട്ട് ചെയ്തില്ല. പിന്നീട് ഓഗസ്റ്റില് മകളാണ് പരാതി നല്കിയ്. ഈ കേസില് പോലീസ് അന്വേഷണം നടത്തിയെങ്കിലും വിജയംകണ്ടില്ലെന്നും കമ്മീഷണര് പറഞ്ഞു.
കേസില് അറസ്റ്റിലായ മൂന്നുപ്രതികളെയും കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു. ഇനി ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്യും. കൊല്ലപ്പെട്ട രണ്ടുപേരുടെയും അവശിഷ്ടങ്ങൾ കിട്ടിയിട്ടുണ്ട്. ഡി.എന്.എ സാമ്പിളുകൾ ശേഖരിച്ചു. ഇനി പോസ്റ്റ്‌മോര്ട്ടവും നടത്തും.
പത്മയെ കാണാനില്ലെന്ന പരാതിയിലാണ് പോലീസ് മിസ്സിങ് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇത്തരത്തിലൊരു മിസിങ് കേസ് ശ്രദ്ധയിൽപ്പെട്ടതോടെ കൊച്ചി ഡി.സി.പി. ശശിധരൻ അടക്കമുള്ള ഉദ്യോഗസ്ഥർ വിശദമായ അന്വേഷണത്തിന് നിര്‌ദേശം നല്കി. തുടര്ന്ന് കൊച്ചി സിറ്റി പോലീസ് ഊര്ജിതമായ അന്വേഷണം നടത്തിയെന്നും ഈ കേസിന്റെ ചുരുളഴിയിക്കാൻ പോലീസ് കഠിനമായി പരിശ്രമിച്ചെന്നും കമ്മീഷണർ പറഞ്ഞു. കേസ് അന്വേഷണത്തിന്റെ ഭാഗമായ മുഴുവന് പോലീസ് ഉദ്യോഗസ്ഥരെയും കമ്മീഷണര് അഭിനന്ദിക്കുകയും ചെയ്തു