തിരുവനന്തപുരം : കേന്ദ്ര ഭവന-നഗരകാര്യ വകുപ്പ് പ്രഖ്യാപിച്ച 2021ലെ പ്രധാൻ മന്ത്രി ആവാസ് യോജന അർബൻ അവാർഡ്‌സിൽ കേരളത്തിന് മൂന്ന് പുരസ്‌കാരങ്ങൾ. സ്‌പെഷ്യൽ കാറ്റഗറി വിഭാഗത്തിലാണ് രണ്ട് പുരസ്‌കാരങ്ങളും. ഓരോവിഭാഗങ്ങൾക്കും വേണ്ടി പ്രത്യേകം നടപ്പാക്കിയ പ്രൊജക്ടുകളിൽ (community oriented projects) കേരളമാണ് ഒന്നാമത് എത്തിയത്. ജാർഖണ്ഡ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളും കേരളത്തോടൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടു. വരുമാനവുമായി ബന്ധപ്പെടുത്തി നടപ്പാക്കിയ ഭവനപദ്ധതിയുടെ മാതൃകയ്ക്ക് (Best convergence model of BLC- PMAY U with livelihood) പ്രത്യേക പുരസ്‌കാരവും ലഭിച്ചു. നഗരസഭകളിൽ കണ്ണൂർ മട്ടന്നൂർ നഗരസഭമൂന്നാം സ്ഥാനം നേടി. കേരളം നടത്തിയ മികവേറിയ പ്രവർത്തനത്തിനുള്ള അംഗീകാരമാണ് പുരസ്‌കാരമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഭവനരഹിതരായ മുഴുവൻ ആളുകൾക്കും വീടൊരുക്കാനുള്ള സർക്കാർ ഇടപെടലുകൾക്ക് ദേശീയ തലത്തിലെ ഈ അംഗീകാരം ഊർജമേകും. എല്ലാവർക്കും അടച്ചുറപ്പുള്ള വീടെന്ന ലക്ഷ്യത്തിലേക്ക് സർക്കാർ വളരെ വേഗം നീങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രവിഹിതത്തിന് പുറമേ സംസ്ഥാന വിഹിതവും ഫലപ്രദമായി വിനിയോഗിച്ചാണ് കേരളത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. സ്വന്തമായി ഭൂമിയുള്ള ഭവനരഹിതന് നാലു ലക്ഷം രൂപയാണ് കേരളത്തിൽ വീട് വെക്കാൻ നൽകുന്നത്. ഇതിൽ പിഎംഎവൈ പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് ഒന്നരലക്ഷം രൂപ മാത്രമാണ് കേന്ദ്രവിഹിതം. പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് രണ്ടര ലക്ഷം രൂപ സംസ്ഥാന സർക്കാരും നഗരസഭയുമാണ് നൽകുന്നത്. പിഎംഎവൈ പദ്ധതിയിൽ രാജ്യത്തെ ഏറ്റവും ഉയർന്ന സഹായമാണ് കേരളം നൽകുന്നത്. ഇതിനകം പിഎംഎവൈ പദ്ധതിയുടെ ഭാഗമായി 1,23,246 വീടുകൾക്കാണ് അനുമതി നൽകിയത്. ഇതിൽ 95,000 വീടുകളുടെനിർമ്മാണം ആരംഭിക്കുകയും 74,500 എണ്ണം പൂർത്തിയാവുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാനതലത്തിലെ മികച്ച മാതൃകകളെ അനുമോദിക്കാനാണ് 150 ദിവസ ചാലഞ്ചിന്റെ ഭാഗമായി കേന്ദ്രം അവാർഡുകൾ പ്രഖ്യാപിച്ചത്. ഒക്ടോബർ 17 മുതൽ 19 വരെ ഗുജറാത്തിലെ രാജ്‌കോട്ടിൽ നടക്കുന്ന ഇന്ത്യൻ അർബൻ ഹൗസിംഗ് കോൺക്ലേവിൽ അവാർഡുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി വിതരണം ചെയ്യും. കഴിഞ്ഞയാഴ്ച കേന്ദ്രസർക്കാർ പ്രഖ്യപിച്ച സ്വച്ഛതാ ലീഗ് പുരസ്‌കാരം ആലപ്പുഴ, ഗുരുവായൂർ നഗരസഭകൾനേടിയിരുന്നു