വാരാണസി: വാരാണസിയിലെ ഗ്യാൻവാപി ക്ഷേത്രത്തിലെ ശിവലിംഗത്തിൻ്റെ കാർബൺ ഡേറ്റിംഗ് നടത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ വിധി പറയുന്നത് ജഡ്ജി മാറ്റിവെച്ചിരിക്കുകയാണ്. ഗ്യാൻവാപി പള്ളിയിൽ മുൻപ് നടന്ന വീഡിയോ സർവ്വേയ്ക്കിടെ കണ്ടെത്തിയ ശിവലിംഗം എന്ന് സംശയിക്കപ്പെടുന്ന രൂപത്തിൽ കാർബൺ ഡേറ്റിംഗ് ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനകൾ നടത്തണം എന്നാണ് ഭക്തരായ സ്ത്രീകൾ ആവശ്യപ്പെട്ടിരിക്കുന്നത്. പള്ളി സമുച്ചയത്തിന് അകത്തുള്ള ക്ഷേത്രത്തിൽ എല്ലാ ദിവസവും ആരാധന നടത്താൻ അനുവാദം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ച അഞ്ച് സ്ത്രീകളിൽ നാല് പേരും, ശിവലിംഗത്തിൻ്റെ പഴക്കം നിർണ്ണയിക്കേണ്ടത് ആവശ്യമാണെന്ന് കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കാർബൺ ഡേറ്റിംഗ് ഉൾപ്പെടെയുള്ള നടപടികൾ ശിവലിംഗത്തിന് കേടുവരുത്തിയേക്കാം എന്ന നിലപാടിലാണ് അഞ്ചാമത്തെ സ്ത്രീ. എന്നാൽ ഇതിനെതിരായ നിലപാടാണ് പള്ളി കമ്മിറ്റിയുടേത്. അഞ്ച് സ്ത്രീകളും പള്ളി സമുച്ചയത്തിന് അകത്തുള്ള വിഗ്രഹത്തിൽ ആരാധന നടത്താനാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും രൂപവുമായി ഇതിന് ബന്ധമൊന്നുമില്ലെന്നും പള്ളി കമ്മിറ്റി പറയുന്നു. ശിവലിംഗം എന്ന് പറയപ്പെടുന്ന രൂപം സത്യത്തിൽ ഫൌണ്ടൻ ആണെന്നും ഇവർ അവകാശപ്പെടുന്നു.
ജൈവവസ്തുക്കളുടെ പഴക്കം നിർണ്ണയിക്കാനുള്ള ഒരു പ്രശസ്തമായ രീതിയാണ് കാർബൺ ഡേറ്റിംഗ്. 14 എന്ന ആറ്റോമിക ഭാരമുള്ള, കാർബണിൻ്റെ ഒരു പ്രത്യേക ഐസോടോപ്പായ സി-14 റേഡിയോആക്ടീവ് ആണെന്ന വസ്തുതയാണ് ഇതിന് സഹായകമാകുന്നത്. ഇതു പ്രകാരം പഴക്കം കണ്ടുപിടിക്കാനുള്ള രീതിയാണ് കാർബൺ ഡേറ്റിംഗ്.
1946-ൽ അമേരിക്കൻ കെമിസ്റ്റായ വില്ല്യാർഡ് ലിബ്ബിയാണ് ഈ രീതി കണ്ടുപിടിച്ചത്. റേഡിയോകാർബൺ ഡേറ്റിംഗ് അല്ലെങ്കിൽ കാർബൺ 14 ഡേറ്റിംഗിൽ കാർബണിൻ്റെ മൂന്ന് വ്യത്യസ്ത ഐസോടോപ്പുകൾ താരതമ്യം ചെയ്യുന്നു. ഏറ്റവും കൂടുതലുള്ള കാർബൺ ഐസോടോപ്പായ സി-12 അന്തരീക്ഷത്തിൽ സ്ഥിരതയോടെ നിലനിൽക്കുന്നു എന്ന് ദി കോൺവർസേഷൻ പറയുന്നു. എന്നാൽ, രണ്ടാമത്തെ ഐസോടോപ്പായ കാർബൺ-14 കാലക്രമത്തിൽ വിഘടിക്കുന്നു.
ജീവികൾ മരിച്ചുകഴിഞ്ഞാൽ, അന്തരീക്ഷത്തിൽ നിന്ന് കാർബൺ ആഗിരണം ചെയ്യുന്നത് അവസാനിക്കുന്നു. റേഡിയോ ആക്ടീവ് ആയ കാർബൺ-14, 5730 വർഷമെടുത്ത് വിഘടിച്ച് പകുതിയായി മാറുന്നു. എന്നാണ് ജീവി മരിച്ചതെന്ന് മനസ്സിലാക്കാൻ സ്ഥിരമായി നടക്കുന്ന ഈ വിഘടനം സഹായിക്കുന്നു.
50000 വർഷത്തിൽ കുറവ് പഴക്കമുള്ള വസ്തുക്കളുടെ പ്രായം നിർണ്ണയിക്കാനാണ് കാർബൺ ഡേറ്റിംഗ് ഉപയോഗിക്കുന്നത്. പാറകൾ പോലെ ജീവനില്ലാത്തവയുടെ പഴക്കം കണക്കാക്കാൻ ഇത് ഉപയോഗിക്കാനാകില്ല.
എന്നാൽ, ചില സാഹചര്യങ്ങളിൽ ഇത് നേരിട്ടല്ലാതെ ഉപയോഗിക്കാനാകും. പോളാർ മേഖലകളിലെ ഐസ് പാളികളുടെയും മറ്റും പഴക്കം, വലിയ ഐസ് പാളികളിൽ കുടുങ്ങിക്കിടക്കുന്ന കാർബൺ ഡൈ ഓക്സൈഡ് കണികകളുടെ കാർബൺ ഡേറ്റിംഗ് നടത്തിക്കൊണ്ട് നിർണ്ണയിക്കാമെന്ന് ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നു. കുടുങ്ങി കിടക്കുന്ന കണികകൾക്ക് പുറത്തെ അന്തരീക്ഷവുമായി ബന്ധമുണ്ടാകില്ല, മഞ്ഞിനകത്ത് അകപ്പെട്ട കാലത്തെ അതേ അവസ്ഥയിലായിരിക്കും അവ കാണപ്പെടുക.
ഒരു പാറ ഒരു സ്ഥലത്ത് എത്രകാലം ഉണ്ടായിരുന്നു എന്നത് സമാനമായി നേരിട്ടല്ലാത്ത രീതിയിൽ നിർണ്ണയിക്കാനാകും. പാറയ്ക്കടിയിൽ ജൈവ വസ്തുക്കളോ ചത്ത ചെടികളോ പ്രാണികളോ കുടുങ്ങിക്കിടക്കുന്നുണ്ടെങ്കിൽ പാറയോ മറ്റോ എന്നാണ് ഒരു പ്രത്യേക സ്ഥലത്തെത്തിയത് എന്ന് നിർണ്ണയിക്കാനാകും.
നേച്ചർ മാസികയിൽ പറയുന്നതനുസരിച്ച്, അന്തരീക്ഷത്തിലെ കാർബൺ-14-ൻ്റെ അളവ് സ്ഥിരമായിരിക്കുമെന്ന് ഈ രീതിയിൽ അനുമാനിക്കുന്നു, എന്നാൽ ഇത് സത്യമല്ല.
ഈ രീതിയിലുള്ള മറ്റൊരു പ്രശ്നം സ്മിത്ത്സോണിയൻ മാസിക ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള കാർബണിൻ്റെ പുറന്തള്ളൽ അന്തരീക്ഷത്തിലെ കാർബൺ-12, കാർബൺ-14 എന്നിവയുടെ നിരക്കിനെ ബാധിക്കുന്നുണ്ട്. ഇത് ഭാവിയിൽ ഈ പ്രക്രിയയെ ബാധിച്ചേക്കാമെന്ന് മാസിക പറയുന്നു.
രൂപത്തിന് അടിയിൽ കുടുങ്ങി കിടക്കുന്ന ജൈവവസ്തുക്കൾ പരിശോധിക്കുന്നതാണ് കാർബൺ ഡേറ്റിംഗിൻ്റെ ഒരു രീതി എന്നതിനാൽ ഇക്കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ഇങ്ങനെ ചെയ്യാൻ രൂപം ഇളക്കിമാറ്റുകയും ചെയ്യേണ്ടി വരും. അതിനാൽ ഇതൊരു പ്രായോഗിക മാർഗ്ഗം ആകണമെന്നില്ല.