ചിതയും വേണ്ട, കല്ലറയും വേണ്ട: പ്രിയപ്പെട്ടവർ മരിച്ചാൽ മൃതദേഹം ജൈവവളമാക്കാം; പുതിയ രീതിയ്ക്ക് ഔദ്യോഗിക അംഗീകാരം; നടപടികൾ ഇങ്ങനെ


യു.എസ്. : ഒരാൾ മരിച്ചു കഴിഞ്ഞാൽ മതാചാര പ്രകാരം സംസ്കരിക്കാനുള്ള ഒരുക്കങ്ങൾ നടത്തുന്നതും പുതുമകളില്ലാതെ പരമാവധി ബഹുമാനത്തോടും മര്യാദയോടും കൂടി ശരീരം മറവു ചെയ്യുന്നതുമാണ് നമ്മുടെ നാട്ടിലെ രീതി. ആചാരങ്ങൾക്കും കുടുംബത്തിൻ്റെ താത്പര്യങ്ങൾക്കും അനുസരിച്ച് ശരീരം ദഹിപ്പിക്കുന്നതിനും കുഴിയിലോ കല്ലറയിലോ മറവു ചെയ്യുന്നതിനും നമ്മുടെ നാട്ടിൽ അവസരമുണ്ട്. എന്നാൽ നഗരങ്ങളിൽ വർധിച്ചു വരുന്ന ജനപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ ഈ രീതികൾക്കെല്ലാം പ്രശ്നങ്ങളുണ്ട്. പരിസ്ഥിതി പ്രശ്നങ്ങൾ ഉൾപ്പെടെ ഒഴിവാക്കി മൃതദേഹം സംസ്കരിക്കാനുള്ള ഒരു രീതിയ്ക്കാണ് യുഎസിലെ കാലിഫോർണിയ സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം അനുമതി നൽകിയിട്ടുള്ളത്. മൃതദേഹം ജൈവവളമാക്കി മാറ്റുക.

യുഎസിലെ പല സംസ്ഥാനങ്ങളിലും മൃതദേഹം കംപോസ്റ്റാക്കി മാറ്റുന്ന രീതിയ്ക്ക് നേരത്തെ തന്നെ അംഗീകാരമുണ്ടെങ്കിലും ഏറെ ശ്രമങ്ങൾക്കു ശേഷമാണ് കാലിഫോർണിയയിൽ ഇത് അംഗീകരിക്കപ്പെട്ടത്. ഏറ്റവും പ്രകൃതിസൗഹൃദമായ മൃതസംസ്കാര രീതിയാണ് ഇതെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇത്തരത്തിലുള്ള മൃതസംസ്കാരം നടത്താനായി യുഎസിൽ തന്നെ പല സ്ഥാപനങ്ങളും നിലവിലുണ്ട്.

സംസ്കാരരീതി ഇങ്ങനെ

സ്റ്റീൽ കൊണ്ടുണ്ടാക്കിയ അടപ്പില്ലാത്ത ഒരു പെട്ടിയിൽ മൃതദേഹം കിടത്തിയ ശേഷം മരത്തിൻ്റെ ചീളുകഷണങ്ങളും പൂക്കൾ ഉൾപ്പെടെ മൃതദേഹം കംപോസ്റ്റാകാൻ പ്രോത്സാഹിപ്പിക്കുന്ന മറ്റു സാമഗ്രികളും ചേ‍ർത്ത് സുരക്ഷിതമായി സൂക്ഷിക്കുക എന്നതാണ് ഇതിൻ്റെ നടപടി. രണ്ട് മാസത്തിനുള്ളിൽ ശരീരം ഏതാണ്ട് പൂ‍ർണമായി കംപോസ്റ്റായി മാറും. ചിതാഭസ്മം നൽകുന്നതു പോലെ ഈ കംപോസ്റ്റ് കുടുംബാംഗങ്ങൾക്കു തന്നെ തിരികെ കൈമാറും. പ്രിയപ്പെട്ടവ‍ർക്ക് ഈ ജൈവവളം പൂന്തോട്ടത്തിലോ മറ്റോ യുക്തിപൂ‍ർവം ഉപയോഗിക്കുകയുമാകാം.

റീകംപോസ്, റിട്ടേൺ ഹോം എന്നിങ്ങനെ ചില കമ്പനികളാണ് വർഷങ്ങളായി ഈ രംഗത്ത് പ്രവർത്തിക്കുന്നത്. ഗവേഷണത്തിനായി ലഭിച്ച മൃതദേഹങ്ങൾ ഉപയോഗിച്ച് നടത്തിയ വർഷങ്ങൾ നീണ്ട പരീക്ഷണത്തിന് ഒടുവിലാണ് നിയന്ത്രിതമായ സാഹചര്യത്തിൽ മനുഷ്യശരീരം കംപോസ്റ്റാക്കി മാറ്റുന്ന രീതി വികസിപ്പിച്ചതെന്ന് റീകംപോസ് വ്യക്തമാക്കുന്നു. കംപോസ്റ്റ് ചെയ്യാനുള്ള മൃതദേഹങ്ങൾ എംബാം ചെയ്യാറില്ല, പകരം ഫ്രീസറിൽ തണുപ്പിച്ച് സൂക്ഷിക്കുക മാത്രമാണ് ചെയ്യുക. സംസ്കാര സമയത്ത് ഒരു സ്റ്റീൽ ട്രേയിൽ മൃതദേഹം കിടത്തി ഒപ്പം വൈക്കോലും ചെറിയ മരക്കഷണങ്ങളും അൽഫാൽഫ എന്ന ചെടി തുടങ്ങിയ മൃതദേഹത്തിൻ്റെ അടിയിലും മുകളിലുമായി നിക്ഷേപിക്കും. തുട‍ർന്ന് പെട്ടി അടച്ച ശേഷം ഇതിലേയ്ക്ക് വായു പമ്പ് ചെയ്തു കടത്തും. ഇതോടെ സൂക്ഷ്മജീവികൾ പെരുകി മൃതദേഹം സ്വമേധയാ അഴുകാനുള്ള സാഹചര്യമൊരുങ്ങും. മൃതദേഹം അഴുകുന്നതോടെ സ്റ്റീൽ പെട്ടിയുടെ താപനിലയും ഉയരും. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഈ താപനില പരമാവധി നിലയിലെത്തും. 73 ഡിഗ്രി വരെ താപനില ഉയരുന്നതോടെ അപകടകാരികളായ വൈറസുകളും നശിക്കുമെന്ന് കമ്പനി പറയുന്നു.

പെട്ടിയിലേയ്ക്കുള്ള വായൂസഞ്ചാരവും ഈർപ്പവും താപനിലയും കമ്പനിയിലെ ജീവനക്കാ‍ർ തുടർച്ചയായി നിരീക്ഷിക്കും. ദുർഗന്ധം പുറത്തു വരാതിരിക്കാനായി ഫിൽറ്ററുകളുമുണ്ട്. 30 ദിവസം കൊണ്ട് ആദ്യഘട്ടം പൂർത്തിയാകും. ഇതിനു ശേഷം ജീവനക്കാർ പെട്ടി പുറത്തെടുത്ത് മൃതദേഹത്തിൽ എന്തെങ്കിലും ലോഹഭാഗങ്ങളോ പ്ലാസ്റ്റിക്കോ ഉണ്ടെങ്കിൽ എടുത്തു മാറ്റം. ഇതിനു ശേഷം എല്ലുകൾ ശേഖരിച്ച് യന്ത്രസഹായത്തോടെ പൊടിച്ച് ശേഷിക്കുന്ന അവശിഷ്ടങ്ങൾക്കൊപ്പം മറ്റൊരു പാത്രത്തിലേയ്ക്ക് മാറ്റും. ഇവിടെ വെച്ച് രണ്ട് മുതൽ നാലാവാഴ്ച വരെ വീണ്ടും കംപോസ്റ്റായി മാറാൻ അവസരം നൽകും. കുടുംബത്തിനു തിരിച്ചു നൽകുന്ന കംപോസ്റ്റ് നഴ്സറിയിൽ നിന്നു വാങ്ങുന്ന ജൈവവളത്തിനു സമാനമായിരിക്കും എന്നാണ് കമ്പനി പറയുന്നത്.

ക്രിമേറ്റ് ചെയ്യുക എന്ന പദത്തിനു സമാനമായി ടെറാമേറ്റ് ചെയ്യുക എന്നാണ് ഇതുമായി ബന്ധപ്പെട്ട് പ്രവ‍ർത്തിക്കുന്നവർ ഈ സംസ്കാര രീതിയെ വിശേഷിപ്പിക്കുന്നത്. പൂർണമായും കംപോസ്റ്റായി കഴിഞ്ഞാൽ ഒരു പിക്കപ്പ് ട്രക്കിൻ്റെ പിൻവശത്ത് നിറയ്ക്കാൻ ആവശ്യമായ കംപോസ്റ്റ് മാത്രമാണ് ശേഷിക്കുക എന്നാണ് കമ്പനികൾ പറയുന്നത്. മരിച്ച വ്യക്തിയുടെ താത്പര്യത്തിന് അനുസരിച്ച് വനവത്കരണ പരിപാടികൾക്കും ഈ വളം ഉപയോഗിക്കാം.

പ്രകൃതിയുടെ ഭാഗമാകാം

മൃതദേഹം ദഹിപ്പിക്കാനായി ഗ്യാസ് കത്തിക്കേണ്ടെന്നതും ശവപ്പെട്ടി പോലെ എന്തെങ്കിലും വസ്തുക്കൾ അധികമായി ചെലവാക്കേണ്ടതുമെല്ലാം പുതിയ രീതിയുടെ മേന്മയാണ്. ഫലപ്രദമായി മൃതദേഹം ടെറാമേറ്റ് ചെയ്യാനുള്ള പദ്ധതി 2027ഓടു കൂടി തയ്യാറാക്കാനാണ് കാലിഫോ‍ർണിയയിലെ നിയമനിർമാണസഭയുടെ തീരുമാനം. ഈ നീക്കം നടത്തുന്ന അഞ്ചാമത്തെ യുഎസ് സംസ്ഥാനമാണ് കാലിഫോ‍ർണിയ. സഭയിലെ ഡെമോക്രാറ്റ് അംഗവും പ്രകൃതിസ്നേഹിയുമായ ക്രിസ്റ്റീന ഗാ‍ർഷ്യയാണ് ബിൽ അവതരിപ്പിച്ചത്. മരണശേഷം എന്തുചെയ്യണം എന്ന തൻ്റെ വ്യക്തിപരമായ താത്പര്യങ്ങളും ബില്ലിനു പിന്നിലുണ്ടെന്നും തൻ്റെ മൃതദേഹം പ്രകൃതിയുടെ ഭാഗമാകണം എന്നാണ് താത്പര്യപ്പെടുന്നതെന്നും ക്രിസ്റ്റീന പറഞ്ഞു.

"മരണശേഷം ഒരു മരമായി മാറാനാണ് എനിക്ക് ആഗ്രഹം. കുടുംബാംഗങ്ങൾ എൻ്റെ തണലിൽ വിശ്രമിക്കട്ടെ. അതിൽപ്പരം എന്തു സന്തോഷമാണുള്ളത്?" ക്രിസ്റ്റീന ചോദിക്കുന്നു. മൂന്ന് തവണ ശ്രമിച്ച ശേഷമാണ് ഒടുവിൽ സഭയിൽ ബിൽ പാസാക്കാൻ ക്രിസ്റ്റീനയ്ക്ക് കഴിഞ്ഞത്. വാഷിങ്ടൺ സംസ്ഥാനത്ത് 2019 മുതൽ നിയമം നിലവിലുണ്ട്.

മൃതദേഹം ഉപയോഗപ്രദമായ ജൈവവളമാക്കി മാറ്റാം എന്നതിനു പുറമെ പുതിയ രീതി കൊണ്ട് പരിസ്ഥിതിയ്ക്കും ഏറെ ഗുണങ്ങളുണ്ട്. ഒരു മൃതദേഹം ദഹിപ്പിക്കുമ്പോൾ ഒരു മെട്രിക് ടൺ കാ‍ർബണാണ് അന്തരീക്ഷത്തിലേയ്ക്ക് പുറന്തള്ളപ്പെടുന്നത് എന്നാണ് കണക്കുകൾ. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ കാലത്ത് ഏറ്റവും യോജിച്ച സംസ്കാരരീതിയും ഇതുതന്നെയാണെന്ന് ക്രിസ്റ്റീന പറയുന്നു.


Previous Post Next Post