ടോക്യോ: ചൊവ്വാഴ്ച പുലർച്ചെയാണ് ജപ്പാൻ തീരം ലക്ഷ്യമിട്ട് ഉത്തര കൊറിയ തൊടുത്തു വിട്ട ബാലിസ്റ്റിക് മിസൈൽ കടലിൽ പതിച്ചത്. ജപ്പാൻ്റെ മിസൈൽ പ്രതിരോധ സംവിധാനം ഉണർന്നതോടെ ജനവാസമേഖലകളിൽ നിന്ന് ആളുകളെ ഭൂഗർഭ ബങ്കറുകളിലേയ്ക്ക് മാറ്റേണ്ടി വന്നു. അഞ്ച് വർഷത്തിനു ശേഷം ഇതാദ്യമായാണ് ജപ്പാന് ഉത്തര കൊറിയയിൽ നിന്ന് ഇത്രയും വലിയ സുരക്ഷാ ഭീഷണി നേരിടേണ്ടി വരുന്നത്. സംഭവത്തിൽ അപലപിച്ച് യുഎസ് ഇൻഡോ - പസഫിക് കമാൻഡ് അടക്കം രംഗത്തെത്തിയിട്ടുണ്ട്.
ഉത്തര കൊറിയയിലെ കേന്ദ്രത്തിൽ നിന്ന് വിക്ഷേപിച്ച മിസൈൽ 4,500 കിലോമീറ്റർ സഞ്ചരിച്ചാണ് ജപ്പാനു സമീപം യുഎസിൻ്റെ നിയന്ത്രണത്തിലുള്ള ഗുവാം ദ്വീപിനു സമീപം പതിച്ചത്. മുൻപ് 2017ലായിരുന്നു ജപ്പാനെ ലക്ഷ്യമിട്ട് ഉത്തര കൊറിയ മിസൈൽ വിക്ഷേപിച്ചത്. എന്നാൽ ഇതാദ്യമായാണ് ഒരു ഉത്തര കൊറിയൻ മിസൈൽ ഇത്രയും ദൂരം സഞ്ചരിക്കുന്നത്. ബാലിസ്റ്റിക് മിസൈലുകളും ആണവ മിസൈലുകളും പരിക്ഷിക്കുന്നതിന് ഉത്തര കൊറിയയ്ക്കു മേൽ ഐക്യരാഷ്ട്രസഭയുടെ നിരോധനം നിലവിലിരിക്കേയാണ് പുതിയ പരീക്ഷണം.
കൂടാതെ മറ്റു രാജ്യങ്ങൾക്കു നേർക്ക് മിസൈലുകൾ തൊടുക്കുന്നതിനു മുൻപ് അവരുടെ അറിവും സമ്മതവും ഉണ്ടായിരിക്കണമെന്ന ചട്ടവും ഉത്തര കൊറിയ ലംഘിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് മിസൈലുകൾ വിക്ഷേപിക്കുന്നത് എങ്കിൽ പോലും ഒരു ആക്രമണമായി തെറ്റിദ്ധരിക്കാമെന്നതിനാൽ പല രാജ്യങ്ങളും ഇത്തരം സാഹസത്തിനു മുതിരാറില്ല. ഉത്തര കൊറിയ വിക്ഷേപിച്ചത് ആണവ മിസൈലല്ലെങ്കിലും ജപ്പാൻ്റെ വലിയ ഭീതിയും അതുതന്നെയാണ്. ജപ്പാനിലെ ഹോക്കൈഡോ ദ്വീപിനു മുകളിലൂടെ പറന്ന മിസൈലിൻ്റെ അവശിഷ്ടങ്ങൾ വീഴുന്നതിനെതിരെ ജാഗ്രത വേണമെന്നും ജനങ്ങളോടു ജപ്പാൻ സർക്കാർ നിരോധിച്ചിരുന്നു. എന്നാൽ തീരത്തു നിന്ന് മാറി പസഫിക് സമുദ്രത്തിൽ പതിച്ച മിസൈൽ ആൾനാശം ഉണ്ടാക്കിയിട്ടില്ലെന്നാണ് ജപ്പാൻ്റെ വിശദീകരണം.
ഒരാഴ്ചയ്ക്കിടെ ഉത്തര കൊറിയ നടത്തുന്ന അഞ്ചാമത്തെ മിസൈൽ പരീക്ഷണമാണിത്. കഴിഞ്ഞ ശനിയാഴ്ച ജപ്പാൻ പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് പുറത്തായി കടലിലേയ്ക്ക് ഉത്തര കൊറിയ ഒരു മിസൈൽ വിക്ഷേപിച്ചിരുന്നു. മുൻപ് അന്തരീക്ഷത്തിൽ പരമാവധി ഉയരത്തിൽ മറ്റു രാജ്യങ്ങൾക്ക് ഭീഷണിയാകാത്ത തരത്തിലായിരുന്നു ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണങ്ങൾ എങ്കിൽ ഇത്തവണ ഈ പതിവുകൾ തെറ്റുകയാണ്. യഥാർഥ സാഹചര്യങ്ങളിൽ ഈ മിസൈലുകൾ എങ്ങനെ ഉപയോഗിക്കാമെന്നാണ് ഉത്തര കൊറിയ പരീക്ഷിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.