മണ്ണഞ്ചേരി: കെട്ടിടത്തിന്റെ അറ്റകുറ്റ പണികൾക്കിടെ പഴയ ഷീറ്റുകൾ മാറ്റുകയായിരുന്ന തൊഴിലാളി വീണു മരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 18-ാം വാർഡ് കാട്ടൂർ പുന്നയ്ക്കൽ ഡൊമിനിക്കിന്റെ മകൻ ടോഷി(27) യാണ് മരിച്ചത്.
ബുധനാഴ്ച രാവിലെ കലവൂർ കയർബോർഡ് ഓഫീസിലായിരുന്നു അപകടം നടന്നത്. പ്രധാന ഓഫീസിന് സമീപത്തെ കെട്ടിടത്തിലെ പഴയ ഷീറ്റുകൾ മാറ്റവെ ടോഷി ചവിട്ടിയ ഷീറ്റ് പൊട്ടി താഴേക്ക് വീഴുകയായിരുന്നു. മേൽക്കൂര ഭാഗത്തുണ്ടായിരുന്ന സീലിങ് പൊളിഞ്ഞ് ടോഷി നിലത്ത് തലയിടിച്ച് വീഴുകയായിരുന്നു.
ഉടൻ തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. മാതാവ്: മേഴ്സി. സഹോദരൻ: ടോണി.