കണ്ണൂർ: തലശ്ശേരി - കണ്ണൂർ ദേശീയപാതയിൽ തോട്ടടയിൽ വാഹന പരിശോധനയ്ക്കിടെ ലക്ഷങ്ങൾ വില വരുന്ന എൽഎസ്ഡി സ്റ്റാമ്പും എംഡിഎംഎയും പിടികൂടി. നർകോട്ടിക് സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി എക്സൈസ് റെയിഞ്ച് ഓഫീസ് കണ്ണൂർ എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യത്തിന്‍റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് യുവാവ് പിടിയിലായത്.
ടാറ്റാ ടിയാഗോ കാറിൽ കടത്തി കൊണ്ട് വന്ന 191 എൽ എസ് ഡി സ്റ്റാമ്പും 6.443 ഗ്രാം എംഡിഎംഎയുമായി കോട്ടയംപൊയിൽ പത്തായക്കുന്ന് സ്വദേശി മുഹമ്മദ് ഷാനിലാ(29) ണ് പിടിയിലായത്. ഇയാൾക്കെതിരെ എൻ ഡി പി എസ് കേസ് എടുത്തു. കണ്ണൂരിലെ വിവിധ പ്രദേശങ്ങളിലേക്ക് എൽ എസ് ഡി സ്റ്റാമ്പും എം ഡി എം എയും വിതരണം ചെയ്യുന്ന കണ്ണികളിൽ പ്രധാനിയാണ് മുഹമ്മദ് നിഷാൽ.
യുവതി- യുവാക്കൾക്കും വിദ്യാർഥികൾക്കും ഇടയിൽ എൽഎസ്ഡി സ്റ്റാമ്പും എംഡിഎംഎയും എത്തിച്ചു നൽകുന്ന ചെറുകിട വിൽപ്പനക്കാർക്ക് ആവിശ്യാനുസരണം ഇവ എത്തിക്കുന്നതിൽ പ്രാധാനിയാണ് മുഹമ്മദ് ഷാനിൽ. കൊറിയർ വഴിയാണ് എൽഎസ്ഡി സ്റ്റാമ്പും എംഡിഎംഎയും പ്രതിക്ക് എത്തിച്ചേരുന്നത്. ഇയാൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ അഡ്രസ്സിലാണ് കൊറിയർ വരുന്നത്.
ലക്ഷങ്ങൾ വിലവരുന്നതാണ് പിടിച്ചെടുത്ത എൽഎസ്ഡി സ്റ്റാമ്പിനും എംഡിഎംഎയും. ഇയാളെ കുറെ കാലമായിഎക്സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. ഇയാൾ മുൻപും മയക്കു മരുന്ന് കേസിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 10 വർഷം മുതൽ 20 വരെ കഠിന തടവും 1 ലക്ഷം മുതൽ 2 ലക്ഷം വരെ പിഴയും ലഭിക്കുന്ന കുറ്റമാണ് യുവാവ് ചെയ്തിരിക്കുന്നത്.
കണ്ണൂർ തഹസീൽദാർ ചന്ദ്രബോസ് ദേഹ പരിശോധനക്ക് നേതൃത്വം നൽകി. കഴിഞ്ഞ മാസം കണ്ണൂർ എക്സൈസ് റെയിഞ്ച് ഓഫീസിന്‍റെ സംയോജിതമായ ഇടപെടലിനെ തുടർന്ന് കണ്ണൂർ കേന്ദ്രീകരിച്ചു ബ്രൗൺ ഷുഗറും മറ്റ് വിതരണം ചെയ്യുന്ന കണ്ണൂർ സിറ്റി സ്വദേശികളായ ഫർഹാൻ, മഷ്ഹൂക്ക് എന്നിവരെ 10.1745 ഗ്രാം ബ്രൗൺഷുഗർ സഹിതവും 10.100 കിലോഗ്രാം കഞ്ചാവ് സഹിതം മയ്യിൽ മാണിയൂർ സ്വദേശി മൻസൂറിനെയും 600 ഗ്രാം എംഡിഎംഎയുമായി താമരശ്ശേരി സ്വദേശി ജാഫറിനെയും 4.5 ഗ്രാം നൈട്രോ സപാമം ഗുളികയുമായി വടകര സ്വദേശി സലാഹുദ്ധീനെയും അറസ്റ്റ് ചെയ്ത് കേസെടുത്തിരുന്നു.