ലണ്ടൻ: വിൻസ്റ്റൺ ചർച്ചിലും, ഹരോൾഡ് വിൽസണും, മാർഗരറ്റ് താച്ചറും എല്ലാം ഇരുന്ന കസേരയിലേക്ക് ഒരിന്ത്യൻ വംശജൻ. ലോകത്തിലേറ്റവും കരുത്തുറ്റ രാജ്യങ്ങളിലൊന്നിന്റെ ഭരണ ചക്രം ഇനി സുനകിന്റെ കയ്യിൽ. വിശാല ഇന്ത്യിലെ പഞ്ചാബിൽ ജനിച്ച് ആദ്യം കിഴക്കൻ ആഫ്രിക്കയിലേക്കും പിന്നീട് ബ്രിട്ടണിലേക്കും കുടിയേറിയവരാണ് ഋഷിയുടെ പൂർവികർ. പിന്നീട് ഇവിടെ സർക്കാർ ജോലിക്കാരായി. ബ്രിട്ടീഷ് പൗരത്വം നേടിയെങ്കിലും ഇന്ത്യൻ വേരുകൾ അറ്റു പോകാതെ നേക്കി. പേരിലും പെരുമാറ്റത്തിലും ഇത് തുടർന്നു. ഉഷയുടേയും യശ് വീർ സുനകിന്റെയും മൂത്ത മകനായി 1980 ൽ ജനനം. ബ്രിട്ടിഷ് എംപയർ ബഹുമതി നേടിയിട്ടുണ്ട് ഋഷിയുടെ അമ്മയുടെ അച്ഛൻ.
ചരിത്രത്തിൽ ആദ്യമായാണ് ഒരു ഏഷ്യക്കാരൻ ബ്രിട്ടൻറെ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. ഇന്ത്യൻ വംശജനായ റിഷി സുനക്. നൂറ്റാണ്ടുകൾ ഇന്ത്യൻ ഉപഭൂഖണ്ടത്തെ അടക്കി ഭരിച്ച രാജ്യത്ത്, ഒരിന്ത്യൻ വംശജൻ അധികാരത്തിലെത്തുന്നത് ചരിത്രത്തിലെ അപൂർവ്വമായൊരു തിരുത്ത് കൂടെയാണ്.
അറിയാം റിഷി സുനകിന്റെ ഇന്ത്യൻ വേരുകൾ.
ഇന്ത്യയിലാണ് ഋഷി സുനകിൻ്റെ വേരുകൾ. പഞ്ചാബിൽ നിന്നും ബ്രിട്ടണിലേക്ക് കുടിയേറിയ കുടുംബത്തിലെ മൂന്നാം തലമുറ അംഗമാണ് റിഷി. ബ്രിട്ടൻ്റെ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ആദ്യ ഏഷ്യക്കാരനെന്ന നേട്ടവും ഋഷിക്ക് സ്വന്തം.
ഇന്ത്യൻ വംശജൻ മാത്രമല്ല ഇന്ത്യയുടെ മരുമകൻ കൂടെയാണ് ഋഷി സുനക്. ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷിത മൂത്തിയുടെ ഭർത്താവാണ് അദ്ദേഹം.. യുഎസിലെ സ്റ്റാൻഫഡ് ബിസിനസ് സ്കൂളിൽ വച്ചാണ് ഋഷി അക്ഷതയെ പരിചയപ്പെടുന്നത്. ഇരുവരുടേയും സൌഹൃദം വൈകാതെ പ്രണയമായി. 2009ലായിരുന്നു വിവാഹം. ഇവരുടെ മക്കളുടെ പേരിലും കാണാം ഇന്ത്യൻ ടച്ച്. കൃഷ്ണ, അനൗഷ്ക. ഋഷിയുടെ രാഷ്ട്രീയപ്രവേശനത്തിന് ഉറച്ച പിന്തുണയുമായി ഭാര്യ അക്ഷതയും നാരായണ മൂർത്തിയും കൂടെയുണ്ടായിരുന്നു.