ബ്രസീലിന് ജയ് വിളിച്ച് ശിവന്‍കുട്ടി; ‘വാമോസ് അര്‍ജന്‍റീന’ മുഴക്കി മണിയാശാനും പിള്ളേരും, ഫേസ്ബുക്കിൽ ‘ഫാൻ ഫൈറ്റ്’


വെബ് ടീം :  ഖത്തറിൽ ഫിഫ ലോകകപ്പിന് വിസിൽ മുഴങ്ങാൻ ഇനി 29 നാൾ മാത്രം. ഫുട്‌ബോൾ പൂരം കത്തിപ്പടരാനായി ആരാധകർ കണ്ണുംനട്ട് കാത്തിരിപ്പാണ്. ഇതിനിടെ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ വെല്ലുവിളിച്ചും കമന്‍റടിച്ചും പരസ്പരം ഗോളടി തുടങ്ങി കേരളാ രാഷ്ട്രീയത്തിലെ അര്‍ജന്‍റീന-ബ്രസീല്‍ നേതൃത്വം. ബ്രസീല്‍ തന്നെ കിരീടം നേടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റിട്ടതിന് മറുപടിയുമായി മുതിര്‍ന്ന സിപിഐഎം നേതാവ് എം എം മണി ഫേസ്ബുക്കിലൂടെ രംഗത്തെത്തി. ‘ബ്രസീല്‍ ആരാധകര്‍ ഇവിടെ കമോണ്‍, നിങ്ങള്‍ക്കുള്ള കാവിലെ അടുത്ത പാട്ടു മത്സരം എത്താറായെ’ന്നാണ് മണി ആശാന്‍ ശിവന്‍കുട്ടിക്ക് മറുപടി നല്‍കിയിരിക്കുന്നത്. കടുത്ത അര്‍ജന്‍റീന ആരാധകരായ എം എം മണിയെയും മുന്‍ മന്ത്രി കടകംപ്പള്ളി സുരേന്ദ്രനെയും ടാഗ് ചെയ്തു കൊണ്ടായിരുന്നു മന്ത്രി ശിവന്‍കുട്ടി വെല്ലുവിളിച്ചത്.  പക്ഷെ മണിയാശാൻ അങ്ങനെ വിടുമോ! ‘ബ്രസീൽ തിരിച്ചുള്ള ആദ്യ ഫ്‌ളൈറ്റ് പിടിക്കാതിരിക്കട്ടെ… സെമി വരെയെങ്കിലും എത്തണേ…’-ആശാൻ വക നല്ല മുട്ടൻ കൗണ്ടർ. എന്നാൽ ‘നമുക്ക് കാണാം ആശാനേ’, ബ്രസീൽ ആരാധകനായ വി. ശിവൻകുട്ടി ഇത്തവണ സ്വന്തം ടീം തന്നെ കപ്പടിക്കുമെന്ന് വീരവാദം മുഴക്കി.

Previous Post Next Post