മൂന്നാറിൽ പഞ്ചായത്ത് ശുചിമുറിക്ക് മുകളില്‍ അനധിക‍ൃതമായി നിര്‍മ്മിച്ച കട പൊളിച്ച് നീക്കാന്‍ ഉത്തരവ്

 മൂന്നാർ : റവന്യൂ എൻ ഒ സി ഇല്ലാതെ പഞ്ചായത്ത് ശുചി മുറികൾക്ക് മുകളിലും വശത്തും നിർമിച്ച കടമുറികൾ 15 ദിവസത്തിനകം പൊളിച്ച് നീക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു.

 മൂന്നാർ പഞ്ചായത്ത് സെക്രട്ടറിക്കാണ് കളക്ടർ ഷീബാ ജോർജ് ഇന്നലെ വൈകിട്ട് ഉത്തരവ് നൽകിയത്. പെരിയ വരകവലയിലെ പഞ്ചായത്ത് ശുചി മുറിയുടെ മുകൾ നിലയിൽ നിർമിച്ച മുറികള്‍, ടൗണിൽ ടാക്സി സ്റ്റാൻഡിനോട് ചേർന്നുള്ള ശുചി മുറിയുടെ വശത്തും മുകളിലുമായി നിർമിച്ച കടമുറികൾ എന്നിവയാണ് 15 ദിവസത്തിനകം പൊളിച്ച് നീക്കാൻ ജില്ലാ കളക്ടര്‍ ഉത്തരവ് നൽകിയത്.

പൊളിക്കൽ നടപടികൾ നിരീക്ഷിക്കാൻ ദേവികുളം തഹസീൽദാർക്കും കളക്ടർ ഉത്തരവ് നൽകിയിട്ടുണ്ട്. പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങളായ രണ്ട് പേർ, കടമുറികൾ നിർമിച്ചത് അനധികൃതമായാണെന്ന് ചൂട്ടിക്കാട്ടി ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു. മുൻപഞ്ചായത്ത് സെക്രട്ടറി എൻഓസി ഇല്ലാതെ സ്വകാര്യ വ്യക്തികൾക്ക് കടമുറികൾ പണിയാൻ അനുമതി നൽകിയെന്നും ഇവിടേക്ക് ശുചി മുറികളിൽ നിന്നും അനധികൃതമായി വൈദ്യുതി കണക്ഷന്‍ നല്‍കിയതായും ചൂണ്ടിക്കാട്ടി ഇവ പൊളിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി നൽകിയത്.

പരാതി പരിഗണിച്ച ഹൈക്കോടതി ജസ്റ്റീസ് പി.വി.കുഞ്ഞികൃഷ്ണൻ, 90 ദിവസത്തിനകം നടപടിയെടുക്കാൻ കഴിഞ്ഞ മെയ് 31ന് കളക്ടർക്ക് നിർദേശം നൽകിയിരുന്നു. ഇതേ തുടർന്ന് കളക്ടർ നടത്തിയ പരിശോധനയിൽ മുൻ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഗുരുതര ചട്ടലംഘനം നടത്തിയതായും സ്വകാര്യ വ്യക്തികൾക്ക് പണം ചെലവഴിച്ച് സർക്കാർ കെട്ടിടത്തിൽ കടമുറികൾ പണിയാൻ സമ്മതം നൽകിയെന്നും കണ്ടെത്തി. കൂടാതെ അനധികൃതമായി നിർമിച്ച കടകളിൽ നിന്ന് വാടക ഈടാക്കിയതായും കണ്ടെത്തിയതിനെ തുടർന്നാണ് ഇവ പൊളിച്ച് നീക്കാന്‍ കളക്ടര്‍ ഉത്തരവ് നൽകിയത്.


Previous Post Next Post