കൊച്ചിയില്‍ വീണ്ടും കൊലപാതകം; സ്ത്രീയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍

 


കൊച്ചി: കൊച്ചി ഗിരിനഗറിൽ വീടിനുള്ളിൽ യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിനിയാണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിനു ദിവസങ്ങളുടെ പഴക്കമുണ്ട്. ഇവരുടെ ഭർത്താവിനെ കാണാനില്ലെന്നു പോലീസ് അറിയിച്ചു.

വൈകുന്നേരത്തോടെയാണ് വീടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിലും പുതപ്പിലും പൊതിഞ്ഞ നിലയിലായിരുന്നു. ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കൂടുതൽ പോലീസ് സംഘമെത്തി തുടർ പരിശോധന നടത്തുകയാണ്.

മഹാരാഷ്ട്ര സ്വദേശികളായ ദമ്പതികളാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നുണ്ട്. സമീപവാസി വിളിച്ചതനുസരിച്ച് എത്തിയപ്പോൾ വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുകയായിരുന്നുവെന്ന് നാട്ടുകാരൻ പറഞ്ഞു. ചെന്നുനോക്കിയപ്പോൾ വീടിനുള്ളിൽ ഈച്ചയുണ്ടായിരുന്നു, ആദ്യം ഇറച്ചി പഴകിയതാണെന്നാണ് കരുതിയത്. സിഐ വിവരം അറിയിച്ചപ്പോൾ പോലീസ് സംഘം എത്തി. അവർ വീടിൻ്റെ വാതിൽ തുറന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കറുത്ത പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹമെന്നും നാട്ടുകാരൻ മനോരമ ന്യൂസിനോട് പ്രതികരിച്ചു. ഒറ്റമുറി വീട്ടിൽ ഇവർ രണ്ടുപേർ മാത്രമാണ് താമസിച്ചിരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യുവതിയുടെ ഭർത്താവിനെ കാണാനില്ല. കൊല നടത്തിയത് ഇയാളെന്നാണ് പോലീസ് സംശയിക്കുന്നത്.

Previous Post Next Post