കടുത്ത നടപടികളിലേക്ക് ഋഷി സുനക്; സ്ഥാനമൊഴിയാൻ ഏതാനം മന്ത്രിമാർക്ക് നിർദേശം, സുവെല്ല ബ്രേവർമാൻ ആഭ്യന്തരമന്ത്രി


ലണ്ടൻ: സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി ലിസ് ട്രസിൻ്റെ മന്ത്രിസഭയിലെ ഏതാനം മന്ത്രിമാരോട് പദവിയൊഴിയാൻ നിർദേശം നൽകി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ചാൾസ് മൂന്നാമൻ രാജാവുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് സ്ഥാനമൊഴിയാനുള്ള നിർദേശം നൽകിയതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലിസ് ട്രസ് മന്ത്രിസഭയിലെ അംഗങ്ങളായിരുന്ന വാണിജ്യ - ഊർജ മന്ത്രി ജേക്കബ് റീസ് മോഗ്, നിയമ വകുപ്പ് മന്ത്രി ബ്രാൻഡൻ ലെവിസ്, മന്ത്രി വിക്കി ഫോർഡ്, തൊഴിൽ - പെൻഷൻ മന്ത്രി ക്ലോ സ്മിത് എന്നിവരോടാണ് സുനക് രാജി ആവശ്യപ്പെട്ടത്. ജേക്കബ് റീസ് മോഗ്, ബ്രാന്‍ഡന്‍ ലെവിസ്, ക്ലോ സ്മിത് എന്നിവര്‍ രാജിവെച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഡൊമിനിക് റാബ് ഉപപ്രധാനമന്ത്രിയായും ജെറമി ഹണ്ട് ധനമന്ത്രിയായും തുടരും. ആഭ്യന്തരമന്ത്രിയായി സുവെല്ല ബ്രേവർമാനെയാണ് നിയമിച്ചത്. ഔദ്യോഗിക രേഖ സ്വന്തം ഇ മെയിലിൽ നിന്നും അയച്ചതിനെ തുടർന്ന് രാജിവെക്കേണ്ടിവന്ന ബ്രോവർമാനെ ആഭ്യന്തര മന്ത്രിയായി നിയമിച്ചത് ശ്രദ്ധേയമാണ്. ബോറിസ് ജോൺസൻ്റെ കാലത്തും ഉപപ്രധാനമന്ത്രിയായിരുന്നു ഡോമനിക് റാബ്. നിയമകാര്യ വകുപ്പും ഇദ്ദേഹം തന്നെ കൈകാര്യം ചെയ്യും.

ചാൾസ് മൂന്നാമൻ രാജാവാണ് ഋഷി സുനക്കിനെ ബ്രിട്ടൻ്റെ പ്രധാനമന്ത്രിയായി നിയമിച്ചത്. രാജ്യത്തിൻ്റെ സാമ്പത്തിക സ്ഥിരതയാണ് പ്രധാന അജൻഡയെന്ന് പ്രധാനമന്ത്രിയായി അധികാരം ഏറ്റെടുത്ത ശേഷമുള്ള ആദ്യ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. "തെറ്റുകൾ തിരുത്താനാണ് തന്നെ നിയോഗിച്ചത്. രാജ്യത്തെ ഒരുമിച്ച് നിർത്തുകയെന്നത് വാക്കുകളിലൂടെയല്ല പ്രവർത്തികളിലൂടെയായിരിക്കും. ബുദ്ധിമുട്ടേറിയ തീരുമാനങ്ങൾ ഉണ്ടാകുമെന്നും വെല്ലുവിളികൾ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. യുക്രൈനിൽ റഷ്യ നടത്തുന്ന യുദ്ധം ലോകത്തെയാകെ ബാധിച്ചു. ഈ സാഹചര്യങ്ങൾ മറികടക്കാൻ കടുത്ത തീരുമാനങ്ങളും പ്രഖ്യാപനങ്ങളും ഉണ്ടാകും. സാമ്പത്തിക സ്ഥിരതയാകും തന്റെ സർക്കാരിന്റെ അജണ്ട. ശക്തമായ എൻഎച്ച്എസ് (നാഷണൽ ഹെൽത്ത് കെയർ സിസ്റ്റം), സ്‌കൂളുകൾ, സുരക്ഷിതമായ തെരുവുകൾ, തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുക തുടങ്ങിയ വാഗ്ദാനങ്ങൾ തന്റെ സർക്കാർ നിറവേറ്റുമെന്നും സുനക് വ്യക്തമാക്കി.
Previous Post Next Post