തിരുവനന്തപുരം: ഗുണ്ടാ നേതാവിനെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി. കന്യാകുമാരി സ്വദേശിയായ കനിഷ്കറിനെയാണ് തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തിയത്. സംഭവത്തിൽ വലിയതുറ സ്വദേശികളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 14 നാണ് മുട്ടത്തറ ഡ്രെയിനേജ് പ്ലാൻ്റിൽ നിന്നും മനുഷ്യ ശരീരത്തിലെ ചില ഭാഗങ്ങൾ കണ്ടെത്തിയത്. എന്നാൽ, ഇത് ആരുടേതാണെന്ന് കണ്ടെത്തുന്നതിനായി നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് കന്യാകുമാരിയിലെ ഗുണ്ടാ നേതാവായ കനിഷ്കറാണെന്ന സൂചന ലഭിച്ചത്. പിന്നീട് ഇയാളുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ ഓഗസ്റ്റ് ആദ്യവാരം ഇയാൾ തലസ്ഥാനത്തെത്തിയതായി കണ്ടെത്തി. തുടരന്വേഷണത്തിൻ മനു രമേഷ് എന്ന ഗുണ്ടാ നേതാവാണ് കനിഷ്കറെ കൊലപ്പെടുത്തിയതെന്ന് പോലീസിന് വിവരം ലഭിക്കുകയായിരുന്നു. മനുവിൻ്റെ സഹായിയായ വലിയതുറ സ്വദേശിയായ ഷഹിൻ ഷായാണ് ശരീര ഭാഗങ്ങൾ വെട്ടി മുറിച്ചത്. ഇറച്ചി കടയിൽ ജോലി ചെയ്യുന്നയാളാണ് ഷഹിൻഷാ. ശംഖുമുഖം പോലീസ് അറസ്റ്റ് ചെയ്ത ഇരുവരേയും മുട്ടത്തറയിലും, പെരുന്നെല്ലി പാലത്തിലും ഷഹിൻഷായുടെ വീട്ടിലുമെത്തിച്ച് തെളിവെടുത്തു. വീട്ടിൽ നിന്നും ഫോറൻസിക് വിദഗ്ധർ രക്തക്കറ കണ്ടെത്തി. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിൽ കലാശാത്തിലെന്നാണ് പോലീസിൻ്റെ നിഗമനം. എന്നാൽ, മനുവിൻ്റെ സഹോദരൻ ഒരു വർഷം മുൻപ് തമിഴ്നാട്ടിൽ നിന്നും കൊല്ലപ്പെട്ടിരുന്നു. ഇതിൻ്റെ പകപോക്കലാകാം കൊലപാതകത്തിന് പിന്നിലെന്നാണ് പ്രദേശവാസികളുടെ സംശയം. കേസിൽ കൂടുതൽ പ്രതികളുണ്ടോ എന്നും മൃതദേഹം കനിഷ്കറിൻ്റേത് തന്നെയാണോ എന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.