ഭര്‍ത്താവ് മര്‍ദിക്കുന്നു; അന്വേഷിക്കാനെത്തിയ എസ്‌ഐയ്ക്ക് മുഖത്തടിയും ചവിട്ടും, ആശുപത്രിയില്‍


കട്ടപ്പന: ഭര്‍ത്താവ് മദ്യപിച്ചെത്തി മര്‍ദിക്കുന്നതായുള്ള വീട്ടമ്മയുടെ പരാതി അന്വേഷിക്കാനെത്തിയ എസ്‌ഐയ്ക്ക് നേരെ മുഖത്തടിയും മര്‍ദ്ദനവും. കുടുംബ വഴക്ക് അന്വേഷിക്കാനെത്തിയ കട്ടപ്പന പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ക്ക് നേരേയാണ് ഗൃഹനാഥന്റെ ആക്രമണം. മുഖത്തടിച്ചും ചവിട്ടിയും എസ് ഐയെ പരിക്കേല്‍പ്പിച്ചു. കട്ടപ്പന പോലീസ് സ്റ്റേഷനിലെ എസ്‌ഐ ഡി സുരേഷിനാണ് പരിക്കേറ്റത്. കാഞ്ചിയാര്‍ ലബ്ബക്കട കല്‍തൊട്ടി സ്വദേശി സന്തോഷാണ് മര്‍ദിച്ചതായി പോലീസ് പറയുന്നത്. പോലീസ് ഉദ്യോഗസ്ഥനെ ഇരുപതേക്കര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. ഭര്‍ത്താവ് മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്നതായി യുവതി പോലീസിനെവിളിച്ചറിയിച്ചു. ഇതേതുടര്‍ന്ന് സുരേഷും മറ്റ് രണ്ടു പോലീസ് ഉദ്യോഗസ്ഥരും വീട്ടിലേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന്, മദ്യപിച്ച് വഴക്കുണ്ടാക്കിയ സന്തോഷിനെ പോലീസ് വാഹനത്തിലേയ്ക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ എസ്‌ഐയെ മര്‍ദിക്കുകയായിരുന്നു. ഉടനെ ഒപ്പമുണ്ടായിരുന്നവര്‍ മര്‍ദിച്ചയാളെ പിടിച്ചുമാറ്റുകയും എസ്‌ഐയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എസ്‌ഐയെ ആക്രമിച്ച സന്തോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Previous Post Next Post