'അവന്മാരെ ഇങ്ങോട്ട് ഇറക്കിവിട് സാറേ, എന്തിനാ തീറ്റിപ്പോറ്റുന്നേ'; പൊട്ടിത്തെറിച്ച് നാട്ടുകാർ, ഇലന്തൂരിൽ നാടകീയരം​ഗങ്ങൾ


ഇലന്തൂർ: ഇരട്ട നരബലിക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിങ്, ലൈല എന്നിവരെ തെളിവെടുപ്പിനായി ഇലന്തൂരിലെ വീട്ടിലെത്തിച്ചപ്പോൾ പൊട്ടിത്തെറിച്ചു നാട്ടുകാർ. മുദ്രാവാക്യം വിളിച്ചും കൂക്കിവിളിച്ചും നാട്ടുകാർ രോഷം പ്രകടിപ്പിച്ചു. "മനുഷ്യരെ വെട്ടിനുറുക്കി കൊന്നു കുഴിച്ചുമൂടിയ അവന്മാരെ ഇങ്ങോട്ട് ഇറക്കിവിട് സാറേ, തീറ്റിപ്പോറ്റി ഇനി എന്തിനാ കൊണ്ടുനടക്കുന്നേ..." എന്നിങ്ങനെ നീണ്ടു നാട്ടുകാരുടെ രോഷപ്രകടനം. പ്രതിഷേധവുമായി ബിജെപി, കോൺഗ്രസ് പ്രവർത്തകർ കൂടി എത്തിയതോടെ രംഗം ശാന്തമാക്കാൻ പോലീസ് നന്നേ പാടുപെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് പ്രതികളെ കൊച്ചിയിൽ നിന്നും പത്തനംതിട്ടയിലെ ഇലന്തൂരിൽ എത്തിച്ചത്. മൂന്നു പ്രതികളെയും കൊണ്ട് മൂന്നു വാഹനങ്ങളും എത്തിയതോടെ നാട്ടുകാർ കൂക്കിവിളി തുടങ്ങി. ശാപവാക്കുകളോടെ സ്ത്രീകളും. കറുത്ത തുണികൊണ്ട് പ്രതികളുടെ മുഖം മറച്ചിരുന്നു. വീട്ടുവളപ്പിലേക്കു കയറിയ വാഹനത്തിനു പിന്നാലെ പ്രതിഷേധവുമായി എത്തിയവരെ പോലീസ് വിരട്ടിയോടിച്ചു. തെളിവെടുപ്പ് വിവരം അറിഞ്ഞ് സമീപ ജില്ലകളിലെ ആളുകൾ വരെ ഇലന്തൂരിലെ മണ്ണപ്പുറത്ത് തമ്പടിച്ചിരുന്നു. വടംകെട്ടിയും ബാരിക്കേഡുകൾ സ്ഥാപിച്ചുമാണ് പോലീസ് ജനബാഹുല്യം നിയന്ത്രിച്ചത്. നൂറിലധികം പോലീസുകാരെയാണ് സ്ഥലത്ത് വിന്യസിച്ചത്. പ്രതികളെ എത്തിച്ചതിനു പിന്നാലെ ബിജെപി, കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. തെളിവെടുപ്പിനിടെ വാഹനത്തിൻ്റെ അടുത്തേക്ക് തള്ളക്കയറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തി. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ ആരംഭിച്ച തെളിവെടുപ്പ് എട്ടുമണിക്കൂർ പിന്നിട്ട് രാത്രി ഒൻപത് മണിയോടെയാണ് പൂർത്തിയായത്. കൂടുതൽ പേർ നരബലിക്കായി ഇരയായോ എന്നു കണ്ടെത്താനായിരുന്നു പ്രതികളെ എത്തിച്ചു തെളിവെടുപ്പ് നടത്തിയത്. എന്നാൽ വീട്ടുവളപ്പിൽ നിന്ന് കൂടുതൽ മൃതദേഹങ്ങളോ ഇതു സംബന്ധിച്ച വിവരങ്ങളോ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ല. പരിശോധന തുടരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കൊച്ചി ഡിസിപി എസ് ശശിധരൻ അറിയിച്ചിട്ടുണ്ട്.


Previous Post Next Post