സഞ്ചിയില്‍ ഫോട്ടോയും സഹകരണ ബാങ്കിന്‍റെ പാസ്ബുക്കും; ഇടുക്കി കാൽവരി മൗണ്ടിനു സമീപം അ‍‍ജ്ഞാത മൃതദേഹം


ഇടുക്കി :  ഇടുക്കി കാൽവരി മൗണ്ടിനു സമീപം അ‍‍ജ്ഞാത മൃതദേഹം കണ്ടെത്തി. പത്താംമൈൽ ഷാപ്പിന് സമീപമാണ് നാലു ദിവസത്തിലധികം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്.  മുഖത്തും കാലിലും പുഴുവരിച്ചു തുടങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 65 വയസ്സോളം പ്രായമുള്ള പുരുഷൻറെ മൃതദേഹമാണ് കണ്ടെത്തിയത്.  തങ്കമണി പോലീസ് സംഭവ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. മൃതദേഹത്തിനടുത്ത് നിന്ന് കണ്ടെത്തിയ സഞ്ചിയിൽ നിന്നും ഒരു ഫോട്ടോയും ഇടുക്കി ജില്ല സഹകരണ ബാങ്കിന്‍റെ പാസ്ബുക്കും കിട്ടിയിട്ടുണ്ട്. ഒരു പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ നിലയിൽ വിഷം എന്ന് സംശയിക്കുന്നു വസ്തുവും മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. സമാനമായ മറ്റൊരു സംഭവത്തില്‍ റാന്നി പള്ളിക്കല്‍ മുരിപ്പില്‍ റബര്‍തോട്ടത്തില്‍ അസ്ഥികൂടം കണ്ടെത്തിയിരുന്നു. തൊഴിലുറപ്പ് തൊഴിലാളികള്‍ റബറിന്‍റെ കാട് തെളിക്കുന്നതിനിടെയാണ് മരത്തിന്‍റെ ചുവട്ടില്‍  അസ്ഥികൂടം കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. പൊലീസെത്തി നടത്തിയ പരിശോധനയില്‍ സമീപത്തായി വസ്ത്രങ്ങള്‍ കണ്ടെത്തി. മൂന്ന് മാസം മുമ്പ് കാണാതായ ഇടക്കുളം സ്വദേശി സുധാകരന്‍റെ മൃതദേഹമാണിതെന്നാണ് പൊലീസ് പറയുന്നത്.

Previous Post Next Post