മൊറോക്കന്‍ സുന്ദരി ഇനി മലയാളത്തിന്റെ മരുമകള്‍

പെരുവ(കോട്ടയം): മലയാളത്തിന്റെ മരുമകളായി മൊറോക്കന്‍ സുന്ദരി. പെരുവ തെക്കേക്കാലായില്‍ മാത്യൂസിന്റെ വധുവായിട്ടാണ് മൊറോക്കന്‍ വംശജ കൗതര്‍ ഇമാമി കേരളത്തിന്റെ മണവാട്ടിയായി എത്തുന്നത്. 2016 ല്‍ തുടങ്ങിയ പ്രണയമാണ് ഇരു വീട്ടുകാരുടെയും സമ്മതത്തോടെ പൂവണിയുന്നത്. 

അറ്റ്‌ലാന്റ എയര്‍ലൈന്‍സില്‍ ജീവനക്കാരായ മാത്യൂസും ഇമാമിയും ജോലിക്കിടയിലുള്ള പരിചയമാണ് പ്രണയമായത്. 
കേരളത്തിന്റെ പാരമ്പര്യവും പ്രകൃതി ഭംഗിയും ടൂറിസം മേഖലയിലുള്ള ആകര്‍ഷണീയതയും വ്യോമയാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇമാമിയെ ആകര്‍ഷിച്ചിരുന്നു. 

കേരളത്തില്‍ നിന്നുള്ള മാത്യൂസ് ടി. രാജു സഹപ്രവര്‍ത്തകനായി എത്തിയതു മുതലുള്ള സൗഹൃദം ഇരുകുടുംബങ്ങളുടേയും സമ്മതത്തോടെ വിവാഹ ബന്ധത്തിലെത്തിച്ചേര്‍ന്നു. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം തലയോലപ്പറമ്പ് സബ് റജിസ്ട്രാര്‍ ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് പൊതി സേവാഗ്രാം അന്തേവാസികള്‍ക്കൊപ്പം വിവാഹ സല്‍ക്കാരം നടത്തി. 

സ്വകാര്യ ഷിപ്പിങ് കമ്പനി ഉദ്യോഗസ്ഥനും പൊതുപ്രവര്‍ത്തകനുമായ രാജു തെക്കേക്കാല പിതാവും, ട്രാവല്‍ ഏജന്‍സി സംരംഭക ആലീസ് രാജു മാതാവും, മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ മോസ്സസ് ടി. രാജു സഹോദരനുമാണ്. മൊറോക്കയിലെ കാസാ ബ്ലാക്കയില്‍ ബിസിനസ് നടത്തുന്ന അഹമ്മദ് ഇമാമിയും, പരേതയായ സുബൈദയുമാണ് കൗതര്‍ ഇമാമിയുടെ മാതാപിതാക്കള്‍. സഹോദരങ്ങള്‍ ഇമാന്‍, യഹിയ. 

മോന്‍സ് ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്.ശരത്, പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.വാസുദേവന്‍ നായര്‍ തുടങ്ങിയവര്‍ വധു വരന്‍മാര്‍ക്ക് ആശംസകള്‍ നേരാന്‍ എത്തിയിരുന്നു.
Previous Post Next Post