റൂപേ കാര്‍ഡ് ഇനി ഒമാനിലും ഉപയോഗിക്കാം; സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാനുമായി കരാറില്‍ ഒപ്പിട്ടു


മസ്‌ക്കറ്റ്: ഇന്ത്യയുടെ റൂപേ കാര്‍ഡുകള്‍ ഉപയോഗിച്ച് ഇനി ഒമാനിലും പണമിടപാടുകള്‍ നടത്താന്‍ സൗകര്യം. ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചതോടെയാണിത്. നാഷണല്‍ പെയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ഇന്റര്‍നാഷണല്‍ പേയ്മെന്റ് ലിമിറ്റഡ്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ ഇതുമായി ബന്ധപ്പെട്ട ധാരണയിലെത്തി. ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ഒമാന്‍ സന്ദര്‍ശന വേളയിലാണ് ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവച്ചത്.  മസ്‌ക്കറ്റില്‍ നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ (സിബിഒ) എക്സിക്യൂട്ടീവ് പ്രസിഡന്റ് താഹിര്‍ ബിന്‍ സലീം അല്‍ അംറിയും ഇന്റര്‍നാഷണല്‍ പെയ്മെന്റ് ലിമിറ്റഡ് സിഇഒ റിതേഷ് ശുക്ലയും ഇരു രാജ്യങ്ങളെയും പ്രതിനിധീകരിച്ച് കരാറില്‍ ഒപ്പിട്ടു. കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു ഒപ്പിടല്‍ ചടങ്ങ്. ഇതോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറല്‍ ബാങ്ക് തുടങ്ങിയ ഇന്ത്യയിലെ ധനകാര്യസ്ഥാപനങ്ങള്‍ നല്‍കുന്ന റൂപേ കര്‍ഡ് ഉപയോഗിച്ച് ഒമാനില്‍ പണം ഇടപാടുകള്‍ നടത്താന്‍ വഴിയൊരുങ്ങി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ പുതിയ നാഴികക്കല്ലാണ് ഇതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശെയ്ഖ് താഹിര്‍ ബിന്‍ സലീം അല്‍ അംറിയുമായി കൂടിക്കാഴ്ച നടത്താനായതില്‍ സന്തോഷമുണ്ടെന്നും റൂപേ കാര്‍ഡ് ഒമാനില്‍ വരുന്നതോടെ പുതിയൊരു സാമ്പത്തിക കണക്ടിവിറ്റിക്കാണ് ഇതുവഴി വരിയൊരുങ്ങിയതെന്നും മന്ത്രി അറിയിച്ചു. ധാരണാ പത്രം ഒപ്പിടല്‍ ചടങ്ങില്‍ ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ നേതൃത്വത്തിലുള്ള ഉന്നതതല ഇന്ത്യന്‍ പ്രതിനിധി സംഘം, ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗ്, ഇന്ത്യന്‍ സര്‍ക്കാറിന്റെയും സെന്‍ട്രല്‍ ബാങ്ക് ഒമാനിന്റെയും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ പ്രാദേശിക ബാങ്കുള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതിനനുസരിച്ച് മസ്‌കറ്റ് ബാങ്ക് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ വരും മാസങ്ങളില്‍ റൂപേ കാര്‍ഡ് ലഭ്യമാക്കി തുടങ്ങും. ഇത്തരത്തില്‍ നല്‍കുന്ന റൂപേ കാര്‍ഡ് ഉപയോഗിച്ച് ഇന്ത്യയിലും പണമിടപാട് നടത്താന്‍ കഴിയുമെന്നും അധികൃതര്‍ അറിയിച്ചു. അതിനിടെ, ദ്വിദിന സന്ദര്‍ശനത്തിന് ഒമാനിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഒമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി സന്ദര്‍ശിച്ച് എക്‌സിക്യൂട്ടീവ് പ്രസിഡന്റ് അബ്ദുല്‍ സലാം അല്‍ മുര്‍ശിദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസനം, ഊര്‍ജം തുടങ്ങിയ മേഖലകളില്‍ ഉള്ള വലിയ നിക്ഷേപ സാധ്യതകളെ കുറിച്ച് മന്ത്രി അദ്ദേഹവുമായി സംസാരിച്ചു. അതോടൊപ്പം ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ അല്‍ ബുസൈദിയുമായും കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തി. പ്രാദേശികവും അന്തര്‍ ദേശീയവുമായ വിവിധ വിഷയങ്ങള്‍ക്കു പുറമെ, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്ന കാര്യങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.

Previous Post Next Post