കോട്ടയം: മാര്‍ക്കറ്റ് റോഡിലെ നടുറോഡില്‍ ഗതാഗതക്കുരുക്ക് ഉണ്ടാക്കി പൊലീസ് വാഹനം. ഇന്ന് രാവിലെ ഏഴ് മണിക്കാണ് പൊലീസിന്റെ CRV- 2 വാഹനം ഏറ്റവും തിരക്കേറിയ കോട്ടയം മാർക്കറ്റ് റോഡിന്റെ ഒത്ത നടുവിലായി പാര്‍ക്ക് ചെയ്തത്. രാവിലെ ഏറെ തിരക്കുള്ള മാര്‍ക്കറ്റില്‍ നടുറോഡില്‍ വാഹനം പാര്‍ക്ക് ചെയ്തതോടെ കണ്‍ട്രോള്‍ റൂം വെഹിക്കിളിന്റെ മുന്‍പിലും പിറകിലുമായി കടന്ന് പോകാനാകാതെ മറ്റ് വാഹനങ്ങള്‍ ബുദ്ധിമുട്ടി.
പൊലീസ് വാഹനത്തിനുള്ളില്‍ ഡ്രൈവര്‍ ഉണ്ടായിരുന്നിട്ടും വാഹനം ഒതുക്കി നല്‍കാനോ ഗതാഗതക്കുരുക്ക് പരിഹരിക്കാനോ ശ്രമിച്ചില്ല.റോഡിലോടുന്ന സകല വാഹനങ്ങളെയും ചട്ടം പഠിപ്പിക്കുന്നവരാണ് എംവിഡിയും പൊലീസും. ടൂറിസ്റ്റ് ബസ് അപകടത്തിന് ശേഷം കണ്ണില്‍ക്കാണുന്ന വാഹനങ്ങളെല്ലാം ഇവര്‍ക്ക് ശത്രുക്കളാണ്. കെഎസ്ആര്‍ടിസി ബസുകളിലെ പരസ്യം ഇനി വേണ്ട എന്ന് പോലും കോടതി നിര്‍ദ്ദേശമുണ്ടായി. കളര്‍ മാറ്റാനും ലൈറ്റ് ആന്‍ഡ് സൗണ്ട് സിസ്റ്റം എടുത്ത് കളയാനും വ്യഗ്രത കാണിക്കുന്ന നിയമപാലകര്‍ തന്നെ നിയമലംഘനങ്ങള്‍ കാണിച്ചുകൂട്ടുന്നിടത്താണ് വൈരുദ്ധ്യം.റോഡിലൂടെ വാഹനങ്ങള്‍ക്ക് സുരക്ഷിതമായി കടന്ന് പോകാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കുക എന്നതാണ് അത്യന്തികമായി നിയമപാലകരുടെ കടമ. എന്നാല്‍ നല്ല ഉദാഹരണം കാണിച്ച് മാതൃക ആകേണ്ടവര്‍ തന്നെ നിയമലംഘനവും അധികാരഹുങ്കും കാണിച്ചാല്‍ പ്രതികരിക്കാതെ വഴിയില്ല.
എല്ലാവരെയും മര്യാദ പഠിപ്പിക്കുന്ന നിങ്ങള്‍ക്കും കുറച്ച് മര്യാദയൊക്കെ ആകാം കേട്ടോ..! അതല്ല, ഇനി കാര്‍ന്നോര്‍ക്ക് അടുപ്പിലുമാകാം എന്ന മനോഭാവമാണെങ്കില്‍ ഒന്നും പറയാനില്ല. ഞങ്ങള്‍ ബ്ലോക്കില്‍ കിടന്ന് ബുദ്ധിമുട്ടിക്കോളാം. ഇന്നാട്ടിലെ ജനങ്ങള്‍ക്ക് ഇതൊക്കെ ശീലമാണല്ലോ..!