വീട്ടില്‍ അതിക്രമിച്ചു കയറി പ്രാവിനെ കൊന്ന കേസിലെ പ്രതി പൊലീസിനെ കബളിപ്പിച്ച് കൈവിലങ്ങുമായി പറന്നു


ആലപ്പുഴ: വീട്ടില്‍ അതിക്രമിച്ചു കയറി പ്രാവിനെ കൊന്ന കേസിലെ പ്രതി കൈവിലങ്ങുകളോടെ പൊലീസിനെ കബളിപ്പിച്ച് കടന്നു. നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്ത നെഹ്റു ട്രോഫി വാര്‍ഡ് ശ്യാം ലാലാണ്(33) രക്ഷപ്പെട്ടത്. വൈദ്യ പരിശോനയ്ക്ക് എത്തിച്ച പ്രതിയാണ് പൊലീസിനെ കബളപ്പിച്ചു കടന്നു കളഞ്ഞത്. പ്രതിക്കായി വ്യാപക തെരച്ചില്‍ നടത്തുന്നുണ്ടെങ്കിലും പ്രതിയെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പൊലീസിനെ കബളിപ്പിച്ച് കൈവിലങ്ങുമായി കടന്നു കളഞ്ഞിട്ട് അഞ്ചു ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ സാധിച്ചില്ല. കഴിഞ്ഞ 12നാണ് വൈകിട്ട് കരളകം കാവുവെളി നിയാസിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ശ്യാംലാൽ പ്രാവിനെ ചോദിച്ചത്. എന്നാല്‍ പ്രാവിനെ കൊടുക്കാതിരുന്നപ്പോള്‍ പ്രാവിനെ കൊല്ലുകയും അതിക്രമം നടത്തുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ശേഷം പ്രതിയെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ശുചിമുറിയില്‍ പോകണമെന്നു ആവശ്യപ്പെടുകയായിരുന്നു. ശുചിമുറിയില്‍ പോയ ഇയാള്‍ രണ്ട് പൊലീസുകാര്‍ കാവല്‍ നില്‍ക്കെ കൈവിലങ്ങുമായി വെന്റിലേറ്റര്‍ വഴി രക്ഷപ്പെടുകയായിരുന്നു. ഇയാളെ പൊലീസ് പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല.

Previous Post Next Post