ആരോപണങ്ങള്‍ മാധ്യമങ്ങള്‍ കണ്ണടച്ച് വിശ്വസിക്കരുത്'; സ്വപ്നയുടെ ആരോപണങ്ങളില്‍ സിപിഐഎം നേതാക്കളെ പിന്തുണച്ച് എല്‍ദോസ് കുന്നപ്പിള്ളി


കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മുതിര്‍ന്ന സിപിഐഎം നേതാക്കള്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി. കടകംപള്ളി സുരേന്ദ്രന്‍, പി ശ്രീരാമകൃഷ്ണന്‍, ഡോ. ടി എം തോമസ് ഐസക് എന്നിവരെ പിന്തുണച്ചുകൊണ്ടാണ് കുന്നപ്പിള്ളിയുടെ പ്രതികരണം. കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങളായിരുന്ന കടകംപള്ളിയും തോമസ് ഐസക്കും മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും ലൈംഗീക താല്‍പര്യത്തോടെ ഇടപെട്ടെന്ന ആരോപണം മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ പെരുമ്പാവൂര്‍ എംഎല്‍എയുടെ പ്രതികരണം ഇങ്ങനെ
📌ഇങ്ങനെ നല്‍കുന്ന ആരോപണങ്ങളെല്ലാം ശരിയാണെന്ന് ഒരു മാധ്യമങ്ങളും കണ്ണടച്ച് വിശ്വസിക്കരുത്. ഞാന്‍ എന്റെ സ്വന്തം കാര്യം മാത്രമേ നോക്കുന്നുള്ളൂ. ഇത്ര വലിയൊരു ആരോപണം എനിക്കെതിരെ വന്നപ്പോള്‍ തന്നെ അത് ശരിയല്ല എന്ന് ഞാന്‍ പറഞ്ഞിരുന്നു. എനിക്കെതിരായ ആരോപണം സത്യസന്ധമല്ല എന്ന് എനിക്ക് ഉത്തമ വിശ്വാസമുണ്ട്. അവരുടെ കാര്യം അവര് പറയട്ടെ. അതാത് ആളുകളാണ് എന്തുണ്ടായി എന്ന് പറയേണ്ടത്. അതെല്ലാം സര്‍ക്കാര്‍ തീരുമാനിക്കേണ്ട കാര്യങ്ങളാണ്. അതിനേ പറ്റി എനിക്ക് അഭിപ്രായമൊന്നും പറയാനില്ല,' കോണ്‍ഗ്രസ് എംഎല്‍എ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പെട്ടെന്ന് സസ്പെന്‍ഷന്‍ പോലുള്ള നടപടിയുണ്ടായിട്ടില്ലല്ലോയെന്ന് മാധ്യമങ്ങള്‍ ചോദിച്ചു. 'കോണ്‍ഗ്രസില്‍ വലിയ മാറ്റങ്ങളുണ്ടാകുന്നു എന്നതിന്റെ സൂചനയാണ്. ആ ആരോപണങ്ങള്‍ ഒക്കെത്തന്നെ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ആ സമയത്ത് അതിലൊരു നടപടി ആവശ്യമില്ലായിരുന്നു. അതുപോലെ അല്ല ഇത്,' എല്‍ദോസ് പറഞ്ഞു.
തനിക്കെതിരായ കെപിസിസി ശിക്ഷാനടപടി സ്വീകരിക്കുകയാണെന്ന് എല്‍ദോസ് വ്യക്തമാക്കി. 'പാര്‍ട്ടിയിലും പൊതുസമൂഹത്തിലും ഞാന്‍ നിഷ്‌കളങ്കത തെളിയിക്കും. നടപടി ശിരസാവഹിക്കുന്നു. കൂടുതല്‍ ജാഗ്രതയോടെ കൂടുതല്‍ ശക്തമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. കെപിസിസി എനിക്ക് നോട്ടീസ് നല്‍കി. ഞാന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ കൂടുതല്‍ വിശദീകരണം നല്‍കും. കെപിസിസി അദ്ധ്യക്ഷന്‍ തിരുവനന്തപുരത്ത് വരുമ്പോള്‍ അദ്ദേഹത്തെ കണ്ട് കാര്യങ്ങള്‍ നേരിട്ട് വിശദീകരിക്കും. തിങ്കളാഴ്ച്ച ഹാജരാകണമെന്നും മൊബൈല്‍ സമര്‍പ്പിക്കണമെന്നും പൊലീസ് പറഞ്ഞിട്ടുണ്ട്. അവധിയായതുകൊണ്ട് എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ ഫോണിലൂടെ അറിയിക്കും,'കടകംപള്ളി സുരേന്ദ്രനും പി ശ്രീരാമകൃഷ്ണനും തോമസ് ഐസക്കിനും എതിരെ സിപിഐഎം നടപടി എടുക്കേണ്ടതല്ലേ എന്ന ചോദ്യത്തിന് എല്‍ദോസ് കുന്നപ്പിള്ളിയുടെ മറുപടി ഇങ്ങനെ. 'സിപിഐഎമ്മിന് പൊതു സമൂഹത്തില്‍ വലിയ വിശ്വാസ്യതയൊന്നും ഇല്ല. അങ്ങനെ പൊതുസമൂഹം പറയുന്ന കാര്യങ്ങളില്‍ സിപിഐഎം നടപടിയെടുത്തിട്ടുള്ളതായി നമുക്കാര്‍ക്കും അറിയില്ല. കോണ്‍ഗ്രസും സിപിഐഎമ്മും തമ്മിലുള്ള വ്യത്യാസം അതാണ്. എല്ലാവരും മനുഷ്യരാണ്. പാര്‍ട്ടി പ്രവര്‍ത്തകരാണ്. ഏത് പാര്‍ട്ടി ആയാലും ഒരാള്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമ്പോള്‍ ആ നടപടി അംഗീകരിക്കുകയും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം
Previous Post Next Post