വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം; പശുവിനെ കൊന്നു




പ്രതീകാത്മക ചിത്രം 

കല്‍പ്പറ്റ: വയനാട് ചീരാലില്‍ വീണ്ടും കടുവയുടെ ആക്രമണം. ചീരാല്‍ കുടുക്കി സ്വദേശി സ്‌കറിയയുടെ പശുവിനെ കടുവ കൊന്നു. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. 

വീട്ടുകാര്‍ ശബ്ദം കേട്ട് പുറത്തിറങ്ങിയതോടെ കടുവ ഓടി രക്ഷപ്പെട്ടു. വീടിനോടു ചേര്‍ന്നുള്ള തൊഴുത്തില്‍ ചോരയില്‍ കുതിര്‍ന്ന് കിടക്കുന്ന പശുവിനെയാണ് വീട്ടുകാര്‍ കാണുന്നത്. പശുവിന്റെ കഴുത്തിനാണ് കടിയേറ്റത്. 

ചീരാലില്‍ ഒരുമാസത്തോളമായി കടുവയുടെ ആക്രമണം തുടരുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ചീരാലിലെ പല പ്രദേശങ്ങളിലായി എട്ടു പശുക്കള്‍ കടുവയുടെ ആക്രമണത്തില്‍ ചത്തതായിട്ടാണ് റിപ്പോര്‍ട്ട്. 

കടുവയെ പിടികൂടുന്നതിനായി വനംവകുപ്പ് വ്യാപകമായ തിരച്ചില്‍ നടത്തി വരികയാണ്. പത്തു സംഘങ്ങളായി തിരിഞ്ഞ് കഴിഞ്ഞദിവസും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരിച്ചില്‍ നടത്തിയിരുന്നു. മൂന്നു കൂടുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ കടുവയെ കണ്ടെത്താനായിരുന്നില്ല. 
Previous Post Next Post