പത്തനംതിട്ട: സൈനികന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ വിട്ടുവീഴ്ച്ചയില്ലാതെ പ്രതിഷേധവുമായി സൈനിക സംഘടനകള്‍. കൊല്ലത്തും കോഴിക്കോടും സൈനികര്‍ക്ക് നേരെ ഉണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് സൈനിക സംഘടനകള്‍ പത്തനംതിട്ട കളക്ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
പത്തനംതിട്ട അബാന്‍ ജംഷനില്‍ നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് നഗരം ചുറ്റി കളക്ട്രേറ്റിന് മുന്നില്‍ സമാപിച്ചു. സൈനികര്‍ക്ക് നേരെ നടന്ന പോലീസ് അതിക്രമങ്ങള്‍ സിബിഐ അന്വേഷിക്കണമെന്നും കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടണമെന്നും സൈനിക സംഘടന നേതാക്കള്‍ ആവശ്യപ്പെട്ടു. പത്തനംതിട്ടയില്‍ സൈനിക കൂട്ടായ്മയായ ടിം പത്തനംതിട്ട സോള്‍ജിയേഴ്‌സും പൂര്‍വ്വ സൈനിക പരിഷത്തും സംയുക്തമായി ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയിരുന്നു. പത്തനംതിട്ട യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച ശേഷം ആരംഭിച്ച മാര്‍ച്ച് കെഎസ്ആര്‍ടിസി റോഡ് വഴി എസ് പി ഓഫീസിന് മുന്നിലെത്തി. സൈനികനെ മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്നും പിരിച്ച് വിടണമെന്ന് പൂര്‍വ്വ സൈനിക സംഘടനകള്‍ ആവശ്യപ്പെട്ടു. രാജ്യം കാക്കുന്ന സൈനികര്‍ക്കെതിരെ കള്ളക്കേസ് ചമക്കുന്നത് അവസാനിപ്പിക്കണമെന്നും കേരളാ പോലീസിന്റെ സൈനിക രോടുള്ള ശത്രുതാ മനോഭാവത്തിന് മാറ്റം വരുത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. കോവിഡ് കാലത്ത് രാപ്പകല്‍ ഡ്യുട്ടി നോക്കിയ പോലീസുകാര്‍ക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്യുകയും മെഡിക്കല്‍ കിറ്റുകള്‍ വിതരണം ചെയ്തും ഉള്‍പ്പടെ ആവശ്യമായ പിന്‍തുണ നല്‍കി ഒപ്പം നില്‍ക്കുകയും ചെയ്തവരാണ് പൂര്‍വ്വ സൈനികരെന്നും നേതാക്കള്‍ പറഞ്ഞു.