മുംബൈ: ബിസിസിഐ അധ്യക്ഷ സ്ഥാനം സൗരവ് ഗാംഗുലി ഒഴിയാനിരിക്കെ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി രാഷ്ട്രീയ തർക്കം രൂക്ഷമാകുന്നു. മുൻ ഇന്ത്യൻ നായകനെ പാർട്ടിയിൽ ഉൾപ്പെടുത്തുന്നതിൽ പരാജയപ്പെട്ടതിനാൽ ബിജെപിയെ അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ പ്രധാന ആരോപണം. മുൻ ക്രിക്കറ്റ് താരം റോജർ ബിന്നിയാണ് പുതിയ പ്രസിഡന്റാകുക. നിലവിൽ കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റാണ് ബിന്നി. 1983ൽ ഇന്ത്യ ആദ്യമായ ലോകകപ്പ് നേടിയപ്പോൾ കൂടുതൽ വിക്കറ്റുമായി ബിന്നിയുടെ സംഭാവനകൾ നിർണായകമായിരുന്നു.
കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗാംഗുലി ബിജെപിയിൽ ചേരുമെന്ന തരത്തിലുള്ള പ്രചരണങ്ങൾ ബിജെപി ഉയർത്തിയിരുന്നുവെന്ന് തൃണമൂൽ വക്താവ് കുനാൽ ഘോഷ് ആരോപിച്ചു. രണ്ടാം തവണയും അമിത് ഷായുടെ മകൻ ജയ് ഷായ്ക്ക് ബിസിസിഐ സെക്രട്ടറിയായി തുടരാമെന്നത് രാഷ്ട്രീയ പകപോക്കലിന്റെ ഉദാഹരണമാണെന്ന് തൃണമൂൽ ആരോപണം.
ഇത് മറ്റൊരു രാഷ്ട്രീയ പകപോക്കലിന്റെ ഉദാഹരണമാണെന്ന് ടിഎംസി എംപി ശന്തനു സെൻ ട്വിറ്ററിൽ കുറിച്ചു. അമിത് ഷായുടെ മകനെ ബിസിസിഐ സെക്രട്ടറിയായി നിലനിർത്താം. എന്നാൽ, ഗാംഗുലിക്ക് കഴിയില്ല. പശ്ചിമ ബംഗാൾ സ്വദേശിയായതുകൊണ്ടാണോ അതോ ബിജെപിയിൽ ചേരാത്തതുകൊണ്ടാണോ? ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട് ദാദാ! എന്നും ട്വീറ്റിൽ പറയുന്നു.
കഴിഞ്ഞ മെയ് മാസത്തിൽ ഗാംഗുലിയുടെ വസതിയിൽ അത്താഴവിരുന്നിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ എത്തിയിരുന്നതായും അദ്ദേഹത്തെ പലവട്ടം ബിജെപിയിൽ ചേരാൻ ഷാ ആവശ്യപ്പെട്ടിരുന്നുവെന്നും കൂട്ടിച്ചേർത്തു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ഗാംഗുലി നിൽക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചുവെന്നും ഇന്ത്യാ ടുഡേയോട് സെൻ പറഞ്ഞു.
ഷായുടെ ഈ വാഗ്ദാനം നിരസിച്ചതാണ് ബിസിസിഐ പ്രസിഡന്റ് സ്ഥാനം തട്ടിയെടുക്കപ്പെട്ടത് എന്നും സെൻ പറഞ്ഞു. രാഷ്ട്രീയ സ്വാധീനത്തിന് വേണ്ടിയുള്ള നടപടിയാണെന്നും കായിക രംഗത്തെ കാവിവത്കരണത്തിന് വേണ്ടിയുള്ള ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിന് പുറമെ, ബിജെപി നേതാക്കളുടെ കുടുംബാംഗങ്ങൾക്കായി എല്ലാ ഉന്നത സ്ഥാനങ്ങളും സംവരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.
അതേസമയം, തൃണമൂലിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് ബിജെപിയും രംഗത്തുവന്നിട്ടുണ്ട്. ഗാംഗുലിയെ പാർട്ടിയിൽ ഉൾപ്പെടുത്താൻ പാർട്ടി ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും ബിജെപി പ്രതികരിച്ചു.
തൃണമൂൽ കോൺഗ്രസ് ആണ് വിഷയത്തിൽ രാഷ്ട്രീയം കളിക്കുന്നത് എന്നും അത് അവർ തുടരുക തന്നെ ചെയ്യുമെന്നും ബിജെപി ബംഗാൾ സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് പറഞ്ഞു. അതിന് പുറമെ, റോജർ ബിന്നിക്ക് എപ്പോഴെങ്കിലും ബിജെപിയുമായി ബന്ധമുണ്ടായിട്ടുണ്ടോയെന്നും മുതിർന്ന ബിജെപി നേതാവും ഖരഗ്പൂരിൽ നിന്നുള്ള എംപിയുമായ ഘോഷ് ചോദിച്ചു. ബിജെപിയെ ലക്ഷ്യം വയ്ക്കുന്നതിന് മുമ്പ്, ബംഗാളിലെ കായിക വിനോദങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ബംഗാൾ സർക്കാർ ശ്രമിക്കണമെന്നും ഘോഷ് കൂട്ടിച്ചേർത്തു.
2019 നവംബർ 19-നാണ് മുൻ ഇന്ത്യ നായകൻ സൗരവ് ഗാംഗുലിയെ ബിസിസിഐ പ്രസിഡന്റായി നിയമിച്ചത്. ഈ ആഴ്ച ആദ്യം ഡൽഹിയിൽ നടന്ന ബിസിസിഐ പ്രമുഖരുടെ യോഗത്തിന് ശേഷമാണ് ഗാംഗുലി ഇനി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് സ്ഥിരീകരിച്ചത്. ബിസിസിഐ ട്രഷറർ സ്ഥാനത്തേക്ക് അരുൺ ഠാക്കൂർ വീണ്ടും മത്സരിക്കാനും ഈ യോഗത്തിൽ തീരുമാനിച്ചിരുന്നു. കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിന്റെ സഹോദരനാണ് അരുൺ.