കൊച്ചി: തപസ്യ കലാസാഹിത്യവേദിയുടെ ഈ വർഷത്തെ പ്രൊഫ തുറവൂർ വിശ്വംഭരൻ പുരസ്കാരം ഡോ സുവർണ്ണ നാലപ്പാടിന്. കല, സാഹിത്യം, ചരിത്രം തത്വചിന്ത, ദർശനം എന്നീ മേഖലകൾക്ക് നൽകിയ അതുല്യമായ സംഭാവനകൾ മുൻനിർത്തിയാണ് പുരസ്കാരം.
ഉപനിഷത്ത്, ഭഗവത്ഗീത, ബ്രഹ്മസൂത്രം എന്നിവയടങ്ങുന്ന പ്രസ്ഥാനത്രയത്തിന് ഭാഷ്യം എഴുതിയ മലയാളി വനിതയാണ് ഡോ സുവർണ്ണ നാലപ്പാട്.
ഒക്ടോബർ 20 ന് എറണാകുളം ചങ്ങമ്പുഴ പാർക്കിൽ നടക്കുന്ന പരിപാടിയിൽ വെച്ച് പ്രശസ്ത നോവലിസ്റ്റ് സി രാധാകൃഷ്ണൻ പുരസ്കാരം സമ്മാനിക്കും. പ്രൊഫ എം തോമസ് മാത്യു തുറവൂർ വിശ്വംഭരൻ അനുസ്മരണ പ്രഭാഷണം നടത്തും. കലാസാഹിത്യ സാംസ്കാരിക മേഖലയിലെ പ്രശസ്തരായ അനേകം വ്യക്തികൾ ചടങ്ങിൽ സംബന്ധിക്കും.
50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
പി നാരായണക്കുറുപ്പ്, ആഷാ മേനോൻ, മുരളി പാറപ്പുറം എന്നിവരായിരുന്നു പുരസ്കാര നിർണ്ണയ സമിതി അംഗങ്ങൾ.