ഉല്ലാസയാത്ര, ധൂർത്ത് എന്നീ നെഗറ്റീവുകൾ പ്രചരിപ്പിച്ചു, കുടുംബാംഗങ്ങളുടെ വിദേശയാത്രയിൽ അനൗചിത്യമില്ല; മുഖ്യമന്ത്രി


തിരുവനന്തപുരം: കുടുംബാംഗങ്ങളുടെ വിദേശയാത്രയിൽ അനൗചിത്യമില്ലെന്നും നോർവേയിലേക്ക് പോയത് ഉല്ലാസയാത്രയും ധൂർത്തുമാണെന്ന പ്രചാരണമുണ്ടായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നാടിൻ്റെ വികസനത്തിലല്ലല്ലോ മാധ്യമങ്ങളുടെ ശ്രദ്ധ. യാത്ര കൊണ്ട് നാടിൻ്റെ പുരോഗതിക്ക് ഒരു ഗുണവുമില്ല എന്ന് വരുത്താനാണ് മാധ്യമങ്ങൾ ശ്രമിച്ചത്. ഉല്ലാസയാത്ര, ധൂർത്ത് എന്ന നെഗറ്റീവുകൾ വളർത്താനുള്ള ശ്രമമാണ് ഉണ്ടായത്. യാത്ര കൊണ്ട് എന്ത് ഗുണം എന്ന പ്രതിപക്ഷ ചോദ്യം അതു മനസിലാക്കാൻ കഴിയാത്തതുകൊണ്ടാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലോകസമാധാന സമ്മേളനവുമായി ബന്ധപ്പെട്ട് കേരളത്തിൻ്റെ ആവശ്യത്തെ ഗൗരവമായി പരിഗണിക്കുമെന്ന് നോബൽ പീസ് സെന്റർ അറിയിച്ചിട്ടുണ്ട്. നാല് നോർവീജിയൻ കമ്പനികൾ കേരളത്തിൽ നിക്ഷേപം നടത്താൻ താൽപര്യം അറിയിച്ചു. തുരങ്ക പാത നിർമ്മിക്കുന്ന നോർവേ മാതൃക കേരളത്തിലും അനുകരിക്കും. പ്രകൃതിദുരന്ത പശ്ചാത്തലത്തിൽ നോർവീജിയൻ മാതൃക കേരളത്തിന് സഹായകമാണ്. കൊച്ചിയെ മാരിടൈം ഹബ്ബായി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. 

ജനുവരിയിൽ കേരളത്തിൽ നോർവീജിയൻ സംരംഭകരുടെ സമ്മേളനം നടത്തും. ബാറ്ററി നിർമ്മാതാക്കളായ കോർവസ് എനർജി കേരളത്തിൽ നിക്ഷേപം നടത്തും. വയോജന സഹായം ഉൾപ്പെടെ പലതും നോർവെയിൽ നിന്നും നമുക്ക് പഠിക്കാനുണ്ട്. ഫിൻലൻഡ് സംഘം ഉടൻ കേരളം സന്ദർശിക്കും. കേരളത്തിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകർക്ക് ഫിൻലാൻഡിൽ വലിയ സാധ്യതയാണുള്ളത്. കേരളത്തിൽ നിന്നുള്ള കുടിയേറ്റ നടപടികൾ ഫിൻലാൻഡ് സുഗമമാക്കും. പരിസ്ഥിതി സൗഹൃദ വികസന മേഖലയിൽ ഫിൻലാന്റുമായി സഹകരിക്കും.

 


Previous Post Next Post