പ്രായപൂര്‍ത്തിയാവാത്ത ഭാര്യയുമായുള്ള ലൈംഗിക ബന്ധം കുറ്റകരം; പോക്‌സോ ഒഴിവാക്കാനാവില്ലെന്ന് ഹൈക്കോടതി

 ബംഗളൂരു : പ്രായപൂര്‍ത്തിയാവാത്ത ഭാര്യയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ ആളെ പോക്‌സോ കേസില്‍നിന്ന് ഒഴിവാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി. പോക്‌സോയും ഇന്ത്യന്‍ ശിക്ഷാ നിയമവും വ്യക്തിനിയമങ്ങള്‍ക്കു മുകളിലാണെന്ന്, ജസ്റ്റിസ് രാജേന്ദ്ര ബദാമികര്‍ നിരീക്ഷിച്ചു.

മുസ്ലിം വ്യക്തിനിയമ പ്രകാരം 15 വയസ്സായ പെണ്‍കുട്ടിക്കു വിവാഹമാവാമെന്നും അതുകൊണ്ടുതന്നെ ഭര്‍ത്താവിനെതിരെ പോക്‌സോ നിലനില്‍ക്കില്ലെന്നുമുള്ള വാദം കോടതി തള്ളി. ശൈശവ വിവാഹ നിരോധ നിയമവും ഇതില്‍ ബാധകമാവില്ലെന്ന് പ്രതിഭാഗം വാദിച്ചു.

കുട്ടികളെ ലൈംഗിക അതിക്രമത്തില്‍നിന്നു രക്ഷിക്കാന്‍ രൂപപ്പെടുത്തിയ പ്രത്യേക നിയമാണ് പോക്‌സോയെന്ന് കോടതി നിരീക്ഷിച്ചു. വ്യക്തിനിയമങ്ങള്‍ക്കു മുകളിലാണ് അതിനു സ്ഥാനം. പോക്‌സോ അനുസരിച്ച് ലൈംഗിക സമ്മതത്തിനുള്ള പ്രായം 18 വയസ്സാണെന്നും കോടതി പറഞ്ഞു.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച് ഗര്‍ഭിണിയാക്കിയ ആള്‍ക്കെതിരെ ചുമത്തിയ പോക്‌സോ കേസിലാണ് ഹൈക്കോടതി നിരീക്ഷണം. ജാമ്യം തേടി ഭര്‍ത്താവാണ് കോടതിയെ സമീപിച്ചത്. 

ആശുപത്രി അധികൃതര്‍ വിവരം നല്‍കിയത് അനുസരിച്ചാണ് ഭര്‍ത്താവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു കണ്ട് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 

കുട്ടിയുടെ സമ്മതത്തോടെയാണ് വിവാഹമെന്നതും ഗര്‍ഭിണിയാണെന്നതും കണക്കിലെടുത്ത് കോടതി പ്രതിക്കു ജാമ്യം അനുവദിച്ചു. കുട്ടിക്കു ഭര്‍ത്താവിന്റെ പിന്തുണ വേണ്ട സമയമാണെന്നത് കോടതി കണക്കിലെടുത്തു.
Previous Post Next Post