മൂന്നാറില്‍ പിടിയിലായ കടുവയെ കാട്ടില്‍ തുറന്നുവിട്ടു






തൊടുപുഴ: മൂന്നാറില്‍ നിന്നും വനംവകുപ്പ് പിടികൂടിയ കടുവയെ പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ടു. 

ജനവാസ മേഖലയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ് കടുവയെ തുറന്നു വിട്ടത്. 

ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുന്നുണ്ടോ എന്നറിയാന്‍ കഴുത്തില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ചിട്ടുണ്ട്. കടുവയുടെ തിമിരം ബാധിച്ച ഇടതുകണ്ണിന് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. 

കടുവയുടെ സാന്നിധ്യം കുറവുള്ളതും ഇരകള്‍ കൂടുതലുള്ളതുമായ പ്രദേശത്ത് തുറന്നു വിട്ടാല്‍ പിടികൂടിയ കടുവക്ക് ജീവിക്കാനാകുമെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാട്ടില്‍ തുറന്നുവിടാന്‍ തീരുമാനിച്ചത്.

മൂന്നാറിനെ പരിഭ്രാന്തിയിലാഴ്ത്തിയ കടുവയെ രണ്ടു ദിവസം മുമ്പാണ് വനംവകുപ്പ് പിടികൂടിയത്. നൈമക്കാടു വെച്ചാണ് വനംവകുപ്പ് വെച്ച കൂട്ടില്‍ കടുവ അകപ്പെട്ടത്. നാലു ദിവസത്തിനിടെ 13 പശുക്കളെ അടക്കം നിരവധി വളര്‍ത്തു മൃഗങ്ങളെ കടുവ ആക്രമിച്ചിരുന്നു.


Previous Post Next Post