മലപ്പുറം കരുവാരക്കുണ്ടില്‍ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് ആലപ്പുഴ സ്വദേശിയായ യുവതിക്ക് ദാരുണാന്ത്യം



മലപ്പുറം:
കരുവാരക്കുണ്ടില്‍ മലവെള്ളപ്പാച്ചില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. ആലപ്പുഴ അരൂര്‍ സ്വദേശി ആശ (22)യാണ് മരിച്ചത്. 
കരുവാരക്കുണ്ട് ഒലിപ്പുഴയിലാണ് അപകടമുണ്ടായത്. 

ആലപ്പുഴയില്‍ നിന്ന് കരുവാരക്കുണ്ടിലെ ബന്ധുവീട്ടിലെത്തിയതായിരുന്നു ആശ. പുഴയില്‍ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

തിങ്കളാഴ്ച്ച വൈകിട്ട് അഞ്ചരയ്ക്ക് കൽക്കുണ്ട് റിസോട്ടിനടുത്തുള്ള ചോലയിൽ കുടുംബ സമേതം കുളിക്കാനെത്തിയതായിരുന്നു ആശ.ചോലയിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി എത്തിയ മലവെള്ളപാച്ചിലിൽ ആശയും ഒപ്പമുണ്ടായിരുന്നവരും ഒഴുക്കിൽപ്പെട്ടു.

മറ്റുള്ളവർ രക്ഷപ്പെട്ടങ്കിലും ആശയെ കാണാതാവുകയായിരുന്നു. പിന്നീട് നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ കൽക്കുണ്ട് ക്രിസ്ത്യൻ പള്ളിക്ക് പിറകിൽ ഒലിപ്പുഴയിലെ പാറയിൽ തങ്ങിനിൽക്കുന്ന നിലയിൽ ആശയെ കണ്ടെത്തി. 

നാട്ടുകാർ ഉടൻ തന്നെ കരുവാരക്കുണ്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

Previous Post Next Post