'എനിക്കൊന്നും അറിയില്ല ചേട്ടാ, ഞാൻ ഉറങ്ങുകയായിരുന്നു'; അപകടസ്ഥലത്ത് ഒരു മണിക്കൂർ ചെലവഴിച്ച് ജോമോൻ, രക്ഷപ്പെട്ടത് കള്ളം പറഞ്ഞ്


പാലക്കാട്: വടക്കഞ്ചേരി ബസ് അപകടസ്ഥലത്ത് നിന്നും ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ രക്ഷപ്പെട്ടത് ടൂർ ഓപ്പറേറ്ററാണെന്ന് പറഞ്ഞ്. അപകടം ഉണ്ടാകുമ്പോൾ താൻ ഉറക്കത്തിലായിരുന്നുവെന്നും ഒന്നും അറിഞ്ഞില്ലെന്നും കള്ളം പറഞ്ഞാണ് ജോമോൻ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടത്. അപകടമുണ്ടായതിന് പിന്നാലെ ഓടിക്കൂടിയ ആളുകളോടും സ്ഥലത്ത് എത്തിയ പോലീസ് ഉദ്യോഗസ്ഥരോടും ജോമോൻ കള്ളം പറഞ്ഞു. ആശുപത്രിയിൽ പോകണോ എന്ന ചോദ്യത്തിന് വേണ്ടെന്നും തനിക്ക് നിസാര പരിക്കുകൾ മാത്രമാണുള്ളതെന്നുമാണ് ഇയാൾ പറഞ്ഞത്. ജോമോനെ സംഭവസ്ഥലത്ത് നിന്നും ചിലർ കൂട്ടിക്കൊണ്ട് പോകുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.  ബസിലെ യാത്രക്കാരെ എല്ലാം മാറ്റിയ ശേഷം ആശുപത്രിയിൽ പോകാമെന്നായിരുന്നു ജോമോൻ്റെ നിലപാട്. ഇതിനിടെ വടക്കഞ്ചേരി സി ഐ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി ചികിത്സ തേടാൻ ജോമോനോട് പറഞ്ഞിരുന്നു. അപകടം ഉണ്ടായി ഒരു മണിക്കൂറോളം നേരം ജോമോൻ സംഭവസ്ഥലത്തുണ്ടായിരുന്നു. അപകടസ്ഥലത്ത് എത്തിയ ആംബുലൻസിൽ ഒരുമണിവരെ ഇരുന്ന ജോമോൻ സ്വന്തം നിലയ്ക്ക് ചികിത്സ തേടിക്കൊള്ളാമെന്ന് പറഞ്ഞ്  രക്ഷപ്പെടുകയായിരുന്നു. വടക്കഞ്ചേരി പോലീസും കൊല്ലം ചവറ പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ ചവറ ശങ്കരമംലത്തു നിന്നാണ് ജോമോനെ പിടികൂടിയത്. സുഹൃത്തുക്കളോടൊപ്പം കൊല്ലം വഴി തിരുവനന്തപുരത്തെത്തി തമിഴ്നാട്ടിലേക്ക് കടക്കാനായിരുന്നു ശ്രമം. ജോമോനും സുഹൃത്തുക്കളും സഞ്ചരിച്ച കാറിനു കുറുകെ പോലീസ് ജീപ്പിട്ടാണ് പ്രതിയെ പിടികൂടിയത്. മനപ്പൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് ഡ്രൈവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ടൂറിസ്റ്റ് ബസുമായി ബന്ധമുള്ളവരിൽ നിന്ന് ജോമോന് സഹായം ലഭിച്ചുവെന്നു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

Previous Post Next Post