ഇപ്പോഴത്തെ ശമ്പളം പോരെങ്കില്‍ നിങ്ങള്‍ യുകെ വിട്ടു പോയ്കോളൂ; ഞങ്ങള്‍ വിദേശത്തു നിന്നും ആളെ എത്തിച്ചോളാം; വന്‍ ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരത്തിനിറങ്ങുന്ന നഴ്സുമാര്‍ക്ക് മുന്നറിയിപ്പുമായി ഹെല്‍ത്ത് സെക്രട്ടറി


യുകെ:  ണപ്പെരുപ്പ കാലത്ത് രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപാടു പെടുന്നവരാണ് ഇന്ന് ബ്രിട്ടനിലെ സാധാരണക്കാര്‍. അതേ അവസ്ഥയാണ് ആതുരശുശ്രൂഷാ രംഗത്തുള്ളവരും അഭിമുഖീകരിക്കുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പള വര്‍ദ്ധനവ്, പണപ്പെരുപ്പവുമായി താരതമ്യം ചെയ്യുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ശമ്പളക്കുറവായി മാത്രമെ അനുഭവപ്പെടുന്നുള്ളു എന്ന യാഥാര്‍ത്ഥ്യവും നിലനില്‍ക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് നഴ്സുമാര്‍ സമരത്തിനിറങ്ങാന്‍ തീരുമാനിച്ചത്.


സമരത്തെ കുറിച്ച് അന്തിമ തീരുമാനം എടുക്കുന്നതിനുള്ള വോട്ടെടുപ്പ് റോയല്കോളേജ് ഓഫ് നഴ്സിംഗില്‍ പുരോഗമിക്കുകയാണ്. ഉയര്‍ന്ന വേതനവും അതോടൊപ്പം, ഒഴിഞ്ഞു കിടക്കുന്ന നഴ്സിംഗ് തസ്തികകള്‍ എത്രയും പെട്ടെന്ന് നിറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അവര്‍ സമരത്തിനൊരുങ്ങുന്നത്. എന്നാല്‍, സമരം ചെയ്തതുകൊണ്ടൊന്നും നഴ്സുമാരുടെ ശമ്പളം വര്‍ദ്ധിക്കുകയില്ല എന്നാണ് ഹെല്‍ത്ത് സെക്രട്ടറി തെരെസാ കോഫേ പറയുന്നത്.


പബ്ലിക് സെക്ടറിലെ മറ്റു തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും നല്‍കിയതിലുംകൂടുതല്‍ ശമ്പള വര്‍ദ്ധനവാണ് സര്‍ക്കാര്‍ നഴ്സുമാര്‍ക്ക് നല്‍കിയിരിക്കുന്നത് എന്ന് തെരെസാ കോഫേ ചൂണ്ടിക്കാണിക്കുന്നു. ഇന്‍ഡിപെന്‍ഡന്റ് പേ റീവ്യു ബോഡിയോട് ബഹുമാനം ഉണ്ടെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്നു തന്നെയാണ് ഉറച്ച് വിശ്വസിക്കുന്നതെന്നും അവര്‍ പറഞ്ഞു. അതേസമയം, സമരം ഒഴിവാക്കാന്‍ ആകാത്തതാണോ എന്ന ചോദ്യത്തിന് അത് നഴ്സുമാര്‍ തീരുമാനിക്കേണ്ട കാര്യമാണെന്നായിരുന്നു ഹെല്‍ത്ത് സെക്രട്ടറി പറഞ്ഞത്.


വരുന്ന നവംബര്‍ 2 നാണ് വോട്ടെടുപ്പ് സമാപിക്കുക. സര്‍ക്കാന്‍ നിലവില്‍ വാഗ്ദാനം നല്‍കിയിരിക്കുന്നത് 3 ശതമാനം വേതനവര്‍ദ്ധനവ് മാത്രമാണെന്ന് ആര്‍ സി എന്‍ മേധാവി പാറ്റ് കല്ലന്‍ പറയുന്നു. അതായത് ഒരു മണിക്കൂര്‍ നേരത്തേ വേതനത്തില്‍ ഉണ്ടാവുക 72 പെന്‍സിന്റെ വര്‍ദ്ധനവ് മാത്രം. എന്നിട്ടും, തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കില്ലെന്ന് വാശി പിടിക്കുകയാണ് ഹെല്‍ത്ത് സെക്രട്ടറി എന്നും ആര്‍ സി എന്‍ പ്രതിനിധി പ്രതികരിച്ചു.


അതിനിടയില്‍ പല നഴ്സുമാരും അവരുടെ ജോലിയില്‍ തീരെ സംതൃപ്തരല്ല എന്നു മാത്രമല്ല, ഈ രംഗത്തോട് ഒരു തരം വെറുപ്പ് തന്നെ തോന്നുന്ന സാഹചര്യ മെത്തിയിരിക്കുന്നു എന്ന് ഒരു അഭിപ്രായ വോട്ടെടുപ്പില്‍ തെളിഞ്ഞിരിക്കുന്നു. പലരും ഈ രംഗം വിട്ടു പോവുകയാണ് കൂടുതല്‍ വേതനം ലഭിക്കുന്ന റെസ്റ്റോറന്റുകളിലേയും പബ്ബുകളിലേയും ജോലികള്‍ ഏറ്റെടുക്കുകയാണവര്‍. മൂന്നില്‍ ഒന്നിലധികം (34%) നഴ്സുമാര്‍ പറഞ്ഞത് അവര്‍ ഈ രംഗം വിട്ടുപോകാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു. ഈവര്‍ഷം അവസാനത്തോടെ മറ്റു മേഖലകളിലേക്ക് കടക്കുവാനുള്ള ശ്രമത്തിലാണവര്‍,


ഇപ്പോള്‍ തന്നെ നഴ്സുമാര്‍ക്ക് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യമാണുള്ളത്. അതിനോടൊപ്പം കൊഴിഞ്ഞുപോക്കു കൂടി തുടങ്ങിയാല്‍ ആരോഗ്യ രംഗം ആകെ കുത്തഴിയും എന്ന് പല വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍, വിദേശത്തുന്നിന്നും കൂടുതല്‍ നഴ്സുമാരെ വരുത്തി ജോലി ചെയ്യിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ നയമെന്നും പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുന്നുണ്ട്.

Previous Post Next Post