തിരുവനന്തപുരത്ത് കനത്ത മഴ; ദേശീയപാതയില്‍ മണ്ണിടിഞ്ഞു, പലയിടത്തും വെള്ളക്കെട്ട്


തിരുവനന്തപുരം: ജില്ലയില്‍ പലയിടങ്ങളിലും കനത്ത മഴ. തലസ്ഥാനത്ത് കഴിഞ്ഞ ദിവസം രാത്രി മുതല്‍ ആരംഭിച്ച മഴയില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മലയോര മേഖലയില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. ചുള്ളിമാനൂര്‍ വഞ്ചുവത്ത് മണ്ണിടിഞ്ഞ് തിരുവനന്തപുരം ചെങ്കോട്ട ദേശീയപാതയില്‍ ഗതാഗത തടസുമുണ്ടായി. ഇന്നു പുലര്‍ച്ചെ നാലു മണിയോടെയാണ് 20 അടി ഉയരമുള്ള മണ്‍തിട്ട ഇടിഞ്ഞത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. റോഡിന്റെ ഒരു ഭാഗത്തെ മണ്ണ് നീക്കം ചെയ്ത് വാഹനങ്ങള്‍ കടത്തിവിടുന്നുണ്ട്. കുറച്ച് നാള്‍ മുമ്പ് ഈ ഭാഗത്ത് ജെസിബി ഉപയോഗിച്ച് അനധികൃതമായി മണ്ണിടിച്ചിരുന്നു. നാട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് മണ്ണിടിക്കല്‍ നിര്‍ത്തിവെച്ചത്. ബാക്കി മണ്‍തിട്ടയാണ് ഇടിഞ്ഞത്. അതേസമയം, രണ്ട് ദിവസമായി കോരിച്ചൊരിയുന്ന മഴയെ തുടര്‍ന്ന് മലയോര മേഖലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. നെയ്യാറ്റിന്‍കരയിലെ താഴ്ന്ന പ്രദേശങ്ങളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. നഗരസഭാ പരിധിയിലെ കണ്ണംകുഴി, മൂഴിമണ്‍തോട്ടം രാമേശ്വരം, ഇരുമ്പില്‍, ചായ്‌ക്കോട്ടുകോണം, മരുതത്തൂര്‍, പനയറത്തല ഏലാകളില്‍ കൃഷികളെല്ലാം വെള്ളത്തിനടിയിലാണ്. നെയ്യാറിന്റെ പല ഭാഗങ്ങളിലും കരയ്‌ക്കൊപ്പമാണ് ജലനിരപ്പ്. പൊന്‍മുടി, കല്ലാര്‍, ബോണക്കാട്, പേപ്പാറ തുടങ്ങിയ വനമേഖലകളില്‍ കനത്ത മഴ പെയ്യുന്നതിനൊപ്പം ശക്തമായ മലവെള്ളപ്പാച്ചിലുമുണ്ട്. മന്നൂര്‍ക്കോണം, തൊളിക്കോട്, പേരയത്തുപാറ, വിതുര ശിവന്‍കോവില്‍ ജംഗ്ഷന്‍, തേവിയോട് എന്നിവിടങ്ങളിലെ റോഡുകള്‍ മണിക്കൂറുകളോളം വെള്ളത്തില്‍ മുങ്ങി. വെള്ളം കയറിയതോടെ കൃഷി വ്യാപകമായി നശിച്ചു. മരങ്ങള്‍ വീണ് വൈദ്യുതി പോസ്റ്റ് തകര്‍ന്നത് മൂലം മിക്കമേഖലകളിലും വൈദ്യുതി തടസം നേരിട്ടു. വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ ആദിവാസി മേഖലകള്‍ ഒറ്റപ്പെട്ട നിലയിലാണ്. പേപ്പാറ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പൊടിയക്കാല ആദിവാസി കോളനിയിലേക്കുള്ള റോഡില്‍ വെള്ളം കയറുകയും ഗതാഗത തടസമുണ്ടാകുകയും ചെയ്തു. പേപ്പാറ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിക്കുകയും ജലനിരപ്പ് ഗണ്യമായി ഉയരുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ഡാമിന്റെ നാല് ഷട്ടറുകളും 10 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. മഴയെ തുടര്‍ന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്. സമീപവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.


Previous Post Next Post