കൊല്ലത്ത് ഇറക്കി വണ്ടിക്കൂലിയും കൊടുത്ത് വിട്ടയച്ചു; താമരശേരിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ വ്യാപാരി ഓട്ടോയില്‍ വീട്ടിലെത്തി


കോഴിക്കോട്: താമരശേരിയില്‍ നിന്ന് മൂന്നുദിവസം മുമ്പ് വാഹനത്തിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ വ്യാപാരി മുഹമ്മദ് അഷ്‌റഫ് (വിച്ചി-55) വീട്ടില്‍ തിരിച്ചെത്തി. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ തട്ടിക്കൊണ്ടുപോയവര്‍ ഇദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു. കൊല്ലത്തുനിന്ന് വണ്ടിക്കൂലിയും നല്‍കി വിട്ടയച്ചുവെന്നാണ് അഷ്‌റഫ് പറയുന്നത്. ബസ് മാര്‍ഗം താമരശേരിയിലെത്തിയ അഷ്‌റഫ് രാത്രി പതിനൊന്നരയോടെയാണ് ഓട്ടോയില്‍ വീട്ടിലെത്തിയത്. മുന്‍ പ്രവാസിയായ അഷ്‌റഫ് ഇപ്പോള്‍ നാട്ടില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുകയാണ്. 22ന് രാത്രി പത്തുമണിയോടെ സ്ഥാപനം അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വാഹനങ്ങളിലെത്തിയ സംഘം ഇയാളെ തട്ടിക്കൊണ്ടുപോയത്. താമരശേരി വെഴുപ്പൂരില്‍ വച്ചായിരുന്നു സംഭവം. തുടര്‍ന്ന് അന്വേഷണം ആരംഭിച്ച പോലീസ് തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനങ്ങള്‍ വിവിധയിടങ്ങളില്‍ നിന്നായി കസ്റ്റഡിയിലെടുത്തു. സ്വര്‍ണക്കടത്തുകേസിലെ പ്രതി ഉള്‍പ്പെട്ട സംഘമാണ് സംഭവത്തിനു പിന്നിലെന്ന് കണ്ടെത്തുകയും ചെയ്തു. ഗള്‍ഫിലെ ബന്ധുവിന്റെ സ്വര്‍ണക്കടത്ത് പണമിടപാടിന്റെ പേരില്‍ ബന്ദിയാക്കി ഭീഷണിപ്പെടുത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം. ഇതിനിടെ കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ മലപ്പുറം രണ്ടത്താണി കഴുങ്ങില്‍ വീട്ടില്‍ മുഹമ്മദ് ജൗഹര്‍ (33) കരിപ്പൂര്‍ വിമാനത്താവളത്തില്‍വച്ചു തിങ്കളാഴ്ച രാത്രി പിടിയിലായി. സൗദിയിലെക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാളെ അറസ്റ്റുചെയ്തത്. ഇയാളില്‍ നിന്നു തട്ടിക്കൊണ്ടുപോയ സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു പിടിമുറുക്കുന്നതിനിടെയാണ് അഷ്‌റഫിനെ മോചിപ്പിച്ചത്. മുഹമ്മദ് അഷ്‌റഫിനെ കയറ്റിക്കൊണ്ടുപോയ ടാറ്റാ സുമോ സംഭവത്തിന്റെ പിറ്റേന്നു തന്നെ മുക്കത്തു നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസിലും പേരാമ്പ്രയില്‍ സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട് അന്‍സല്‍ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തിലും പ്രതിയായ കൊടിയത്തൂര്‍ ഇല്ലങ്കല്‍ അലി ഉബൈറാന്‍ (25) എന്നയാളുടെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചായിരുന്നു ഈ വാഹനം വാടകയ്‌ക്കെടുത്തിരുന്നത്. ഈ തെളിവാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. തട്ടിക്കൊണ്ടുപോയ സംഘത്തിലെ മുഴുവന്‍ പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

Previous Post Next Post