ഗവർണറെ പേടി ! മന്ത്രിമാർ അതിരു വിടരുതെന്ന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണ്ണർക്ക് എതിരായ ട്രോളുകൾ പാർട്ടി സൈബർ വിഭാഗവും ശ്രദ്ധയോടെ വീക്ഷിക്കുന്നു എന്ന് വിലയിരുത്തൽ

തിരു: ഉത്തര്‍പ്രദേശ് പരാമര്‍ശത്തോടെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍റെ അപ്രീതിക്ക് ഇരയായതിനു പിന്നാലെ മറ്റു മന്ത്രിമാരുടെ പ്രസംഗങ്ങളും നിരീക്ഷിക്കാന്‍ ഗവര്‍ണറുടെ നിര്‍ദേശം. ഗവര്‍ണറുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍, മന്ത്രിമാരുടെ എല്ലാ ജില്ലകളിലെയും പ്രസംഗങ്ങളുടെ പത്ര കട്ടിംഗുകളും വീഡിയോകളും ശേഖരിക്കാനുള്ള നടപടികള്‍ രാജ്ഭവന്‍ തുടങ്ങി.
ധനമന്ത്രിയുടെ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടി രാജ്ഭവന്‍ കേരളത്തിനു പുറത്തുള്ള ഗവര്‍ണര്‍ക്കു കൈമാറി. നിസാരവത്കരിച്ചുള്ള മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയതെന്നാണു രാജ്ഭവന്‍ വിലയിരുത്തല്‍. മറുപടി സംബന്ധിച്ചു നിയമ- ഭരണഘടനാ വിദഗ്ധരുമായുള്ള കൂടിയാലോചനകളും നടത്തും. നവംബര്‍ നാലിനു ഗവര്‍ണര്‍ തിരുവനന്തപുരത്തു മടങ്ങിയെത്തിയ ശേഷമാകും തുടര്‍നടപടികളുമായി മുന്നോട്ടു പോകുക.
അതേസമയം, ഗവര്‍ണറുമായി ബന്ധപ്പെട്ടു മന്ത്രിമാര്‍ പ്രത്യക്ഷമായോ പരോക്ഷമായോ വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ പാടില്ലെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. വിവാദ പരാമര്‍ശം നടത്തുന്ന മന്ത്രിമാര്‍ക്കെതിരേയുള്ള ഗവര്‍ണറുടെ നടപടികളെ ചോദ്യംചെയ്ത് സ്വകാര്യ വ്യക്തികള്‍ കോടതികളെ സമീപിച്ചാല്‍ നിയമക്കുരുക്കില്‍ അകപ്പെടും. കോടതികളുടെ വാക്കാലുള്ള ചില പരാമര്‍ശങ്ങള്‍ പോലും സര്‍ക്കാരിനും മന്ത്രിമാര്‍ക്കും കുരുക്കാകുമെന്നാണു വിലയിരുത്തല്‍.
Previous Post Next Post